വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ തന്നെ അവസാനിക്കുമെന്നും, അതോടെ ലോകം കൂടുതൽ സുരക്ഷിതവും സമാധാനപരവുമായി മാറുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിന് പുറത്തുള്ള ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിൽ നടന്ന യുഎസ് വെറ്ററൻസ് ഡേ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ നേരിടുന്നതുപോലുള്ള അപകടങ്ങളില്ലാത്ത ശാന്തമായ ജീവിതം എല്ലാവർക്കും കൈവരുമെന്ന് വ്യക്തമാക്കിയ ട്രംപ്, അമേരിക്കൻ യോദ്ധാക്കളുടെ ധൈര്യവും വൈദഗ്ധ്യവും അവിശ്വസനീയമാണെന്നും പ്രശംസിച്ചു. ചടങ്ങിൽ സൈനികരുടെ ശവകുടീരങ്ങളിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
അതേസമയം, യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാൻ സുരക്ഷാ മേധാവി മോഹ്സെൻ റെസായി രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 23 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പെന്റഗൺ കണക്കുകൾ; പലയിടങ്ങളിലും ഇപ്പോഴും സംഘർഷങ്ങൾ തുടരുകയാണ്.





