വാഷിങ്ടൺ: ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന യുവതിയുമായുള്ള പ്രണയബന്ധം തുറന്നുസമ്മതിച്ച എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന് പരസ്യ പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹുവാങ്ങിനെതിരായ ആരോപണങ്ങളിലും കമ്പനി ഡയറക്ടർ ബോർഡ് നടത്തിയ അന്വേഷണത്തിലും പ്രതികരിച്ച ട്രംപ്, അദ്ദേഹം രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകൾ നൽകിയ മാന്യനായ വ്യക്തിയാണെന്നും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം കേൾക്കാൻ എല്ലാവരും തയ്യാറാകണമെന്നും വ്യക്തമാക്കി.
സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് കമ്പനിയുടെ എക്സിക്യൂട്ടീവ് ആലിസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങ്ങിനുള്ള അടുപ്പമാണ് വിവാദങ്ങൾക്ക് കാരണമായത്. യുഎസ് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് ചൈനയിലേക്ക് അത്യാധുനിക എഐ ചിപ്പുകൾ കടത്താൻ ഇവർ സഹായിച്ചതായും ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ചോർത്തി നൽകിയതായും യുഎസ് അധികൃതർ സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എൻവിഡിയ മേധാവിയുമായി കുടുംബബന്ധമില്ലാത്ത ആലിസ് ഹുവാങ്ങിനെ ഇലക്ട്രോണിക് നിരീക്ഷണത്തിന് വിധേയമാക്കിയതിൽ നിന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഈ രേഖ, മേയ് മാസത്തിലെ ട്രംപിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിച്ചിരുന്നു.





