വാഷിങ്ടൺ/തെഹ്റാൻ: ഇറാനിൽ ഇന്നലെ രാത്രി അമേരിക്ക നടത്തിയത് ഒരു യുദ്ധമല്ലെന്നും മറിച്ച് ചില കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ‘ചെറിയ ആക്രമണം’ മാത്രമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ രണ്ട് മാസത്തോളമെടുത്ത് നിർമ്മിച്ച പുതിയ വ്യോമപ്രതിരോധ സംവിധാനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും, പൂർത്തിയായ ഉടൻ തന്നെ ഇന്നലെ രാത്രി അത് ആക്രമിച്ച് തകർത്തുവെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇറാന് അതിശക്തമായ തിരിച്ചടി നൽകാൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നിരവധി പേരെ കൊലപ്പെടുത്താൻ തനിക്ക് ആഗ്രഹമില്ലെങ്കിലും അനിവാര്യമായ സാഹചര്യം വന്നാൽ അതിൽ മടിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ലോകത്ത് ഭീകരവാദത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്നതും ക്രൂരവുമായ രാജ്യമാണ് ഇറാനെന്നും, അവിടുത്തെ നേതൃത്വത്തെ ഇതിനകം തകർത്തുകഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ മുഴുവൻ കപ്പലുകളും കടലിന്റെ അടിത്തട്ടിലാണെന്നും അവരുടെ കൈവശമുണ്ടായിരുന്ന 288 വിമാനങ്ങളും തകർക്കപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ ഇറാന് വിമാനങ്ങളോ വ്യോമപ്രതിരോധ ശേഷിയോ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.





