ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പാകിസ്താൻ, ഖത്തർ എന്നീ മധ്യസ്ഥ രാജ്യങ്ങൾ വഴി പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. ചർച്ചകൾ നടക്കുന്നതിനൊപ്പം തന്നെ ഏത് തരത്തിലുള്ള യുദ്ധത്തിനും രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനാണ് ഇറാൻ പ്രതിജ്ഞാബദ്ധമായിരിക്കുന്നതെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും പ്രതികരിച്ചു. ഇറാൻ ഒത്തുതീർപ്പ് ആഗ്രഹിക്കുന്നുണ്ടെന്നും അത് ഉടൻ സംഭവിച്ചേക്കാമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിലയിരുത്തൽ.
ഇതിനിടെ, അമേരിക്കയുടെ മൂന്ന് അത്യാധുനിക ഡ്രോണുകൾ തകർത്തതായി ഇറാൻ സൈന്യം വെളിപ്പെടുത്തി. ഖഷാം ദ്വീപിന് സമീപത്തുനിന്ന് രണ്ട് യുഎസ് എംക്യുഎം-170 (MQM-170) നിരീക്ഷണ ഡ്രോണുകൾ വെടിവച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് (ഐആർജിസി) വ്യക്തമാക്കി.
ഹോർമൂസ് കടലിടുക്കിന്റെ കിഴക്കൻ മേഖലയിൽ വെച്ച് ഒരു യുഎസ് എംക്യു-9 (MQ-9) ഡ്രോണും സേന വെടിവെച്ചു വീഴ്ത്തിയതായി ഇറാൻ സ്ഥിരീകരിച്ചു.





