മനാമ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ രൂപീകരിച്ച സംയുക്ത പ്രതിരോധ സഖ്യത്തിൽ പങ്കാളിയാകുന്ന കാര്യം സിറിയ സജീവമായി പരിഗണിക്കുന്നതായി സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽ-ഷൈബാനി വ്യക്തമാക്കി. ബഹ്‌റൈനിൽ നടന്ന 'മനാമ ഡയലോഗ്' ഉച്ചകോടിയിൽ സംസാരിക്കവെയാണ് 'മക്ക സഖ്യ'ത്തിൽ സിറിയയും ഭാഗമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
നാറ്റോ (NATO) മാതൃകയിൽ ഒരു രാജ്യത്തിനു നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിലുള്ള മുഴുവൻ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്ന 'മക്ക സംയുക്ത പ്രതിരോധ കരാർ' കഴിഞ്ഞ ഓഗസ്റ്റിലാണ് സൗദി, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ചത്. യെമനിലെ ഹൂതി ഭീഷണി നേരിടുന്ന സൗദി അറേബ്യയ്ക്ക് സൈനിക സഹായം ഉറപ്പുനൽകുന്നതാണ് ഈ ഉടമ്പടി. എന്നാൽ ഹൂതികൾക്കെതിരെ നേരിട്ടുള്ള ആക്രമണങ്ങൾ നടത്താൻ തങ്ങളുടെ സൈന്യത്തെ യെമനിൽ വിന്യസിക്കില്ലെന്നാണ് തുർക്കി വൃത്തങ്ങളുടെ വിശദീകരണം; പാകിസ്ഥാനും ഹൂതികൾക്കെതിരെ ആക്രമണം പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇസ്രായേൽ സിറിയൻ മണ്ണിൽ ആയിരത്തിലധികം ആക്രമണങ്ങൾ നടത്തുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിരോധ നീക്കങ്ങളെന്ന് സിറിയ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരം അനുദിനം ലംഘിക്കപ്പെടുമ്പോൾ അതിർത്തി നിയന്ത്രണത്തെക്കുറിച്ചും പൂർണ്ണ ആയുധ നിയന്ത്രണത്തെക്കുറിച്ചുമുള്ള വാദങ്ങൾക്ക് പ്രസക്തിയില്ലെന്നും അൽ-ഷൈബാനി പറഞ്ഞു.
2024 ഡിസംബറിൽ ബഷാർ അൽ-അസദിന്റെ പതനത്തിന് ശേഷം അധികാരമേറ്റ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന പ്രധാന ശക്തികളിലൊന്നാണ് സൗദി അറേബ്യ. മേഖലയുടെ സമഗ്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും യെമന്റെ പരമാധികാരം പുനഃസ്ഥാപിക്കുന്നതിനും സിറിയൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.





