ടെൽ അവീവ്: ഇറാൻ ഭരണകൂടത്തെ ഭരണത്തിൽ നിന്ന് പുറത്താക്കാനുള്ള പുതിയ കർമ്മപദ്ധതികളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നിരവധി തവണ ചർച്ച നടത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്‌റാനിലെ ഭരണകൂടത്തിന്റെ പൂർണ്ണമായ ഉന്മൂലനം ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, തിങ്കളാഴ്ച ഇസ്രായേലിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായും നെതന്യാഹു ഇറാൻ വിഷയം വിശദമായി സംസാരിച്ചു. തെക്കൻ നെഗേവ് മരുഭൂമി മേഖലയിലെ ഉവ്ദ വ്യോമതാവളത്തിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വക്താവ് ഡോറോൺ സ്പിൽമാൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.
മേഖലയിൽ നിലനിൽക്കുന്ന ഭീഷണികൾ നേരിടുന്നതിലും പ്രതിരോധ-ആക്രമണ രംഗങ്ങളിലെ യുഎസ്-ഇസ്രായേൽ സഹകരണത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചതായി വക്താവ് വ്യക്തമാക്കിയെങ്കിലും, കൂടിക്കാഴ്ചയുടെ വിവരങ്ങൾ സംബന്ധിച്ച് അമേരിക്കൻ അധികൃതർ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.





