മോസ്കോ: സുഹൃത്തിനെ പറ്റിക്കാൻ ചാറ്റ്ജിപിടി വഴി വ്യാജ കരടി ചിത്രം ഉണ്ടാക്കി പ്രദേശവാസികളിൽ ഭീതി പരത്തിയ യുവതിക്ക് റഷ്യയിലെ ഈസ്റ്റേൺ റീജിയണൽ കോടതി 15,000 റൂബിൾ (ഏകദേശം 178 ഡോളർ അല്ലെങ്കിൽ 17,000 രൂപ) പിഴ ചുമത്തി. അമുർ മേഖലയിലെ മഗ്ദഗാച്ചി സ്വദേശിനിയായ യുവതി സെപ്റ്റംബറിൽ തമാശയായി സുഹൃത്തിന് അയച്ച ചിത്രം മെസേജിങ് ആപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുകയും, പരിഭ്രാന്തരായ നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പ് ജീവനക്കാർ യഥാർത്ഥത്തിൽ ഇല്ലാത്ത കരടിക്കായി തെരച്ചിൽ നടത്തേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.
കാര്യങ്ങൾ കൈവിട്ടുപോയതോടെ താനാണ് ചിത്രമുണ്ടാക്കിയതെന്ന് യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ട്രാൻസ്ബൈക്കൽ മേഖലയിലും ഇത്തരത്തിൽ ഗ്രാമത്തിൽ കരടിയിറങ്ങിയെന്ന വ്യാജചിത്രം പ്രചരിപ്പിച്ച മറ്റൊരു സ്ത്രീക്ക് 30,000 റൂബിൾ പിഴ ശിക്ഷ വിധിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ റാപ്സി റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് കരടികളുടെ ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ തവിട്ട് കരടികളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ച് 3,08,000-ൽ എത്തിനിൽക്കെ, വസന്തകാലത്തിന് ശേഷം നടന്ന കരടി ആക്രമണങ്ങളിൽ മാത്രം കുറഞ്ഞത് 26 പേർ കൊല്ലപ്പെട്ടതായി റിയ നോവോസ്റ്റി റിപ്പോർട്ട് ചെയ്തു. കരടികളുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടികൾ ആലോചിക്കുന്നുണ്ടെന്നും, ജനങ്ങൾക്ക് ഭീഷണിയായ 3,440-ലധികം കരടികളെ ഈ വർഷം കൊന്നൊടുക്കിയതായും ഒക്ടോബർ 10-ന് ടാസ് വാർത്താ ഏജൻസി വ്യക്തമാക്കിയിരുന്നു.





