വാഷിംഗ്ടൺ: ഒക്ടോബർ 18 മുതൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താനിരിക്കെ, റഷ്യൻ എണ്ണ ഉപരോധങ്ങളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും തീരുവകളിൽ നിന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചു. 2026-ലെ സാംഗ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് (ഗ്രഹാം ആക്ട്) പ്രകാരമുള്ള നടപടികൾ ഒഴിവാക്കുന്നത് അമേരിക്കയുടെ ദേശീയ താത്പര്യത്തിന് അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇളവ് അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം കോൺഗ്രസിന് സമർപ്പിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലും പ്രകൃതിവാതകവും വലിയ തോതിൽ വാങ്ങുന്ന അഞ്ച് മുൻനിര രാജ്യങ്ങൾ ഒക്ടോബർ 18-നോ അതിനുശേഷമോ പുതിയ ഇടപാടുകൾ നടത്തിയാൽ 100 ശതമാനം തീരുവയും, റഷ്യൻ ഉപരോധം മറികടക്കാൻ സഹായിക്കുന്ന രാജ്യങ്ങൾക്ക് അധികമായി 100 ശതമാനം തീരുവയും ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. കൂടാതെ റഷ്യൻ ഉൽപ്പന്നങ്ങൾക്ക് 500 ശതമാനം വരെ തീരുവ വർധിപ്പിക്കാനും നിയമം അനുശാസിച്ചിരുന്നു. ഈ തീരുവകൾ പൂർണ്ണമായും ഒഴിവാക്കാനാണ് ട്രംപ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
2022 ഫെബ്രുവരിയിൽ തുടങ്ങിയ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് മോസ്കോയ്ക്ക് മേൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാനായി സെപ്റ്റംബർ 18-നാണ് ലിൻഡ്സെ ഒ. ഗ്രഹാം ആക്ടിൽ ട്രംപ് ഒപ്പുവെച്ചത്.





