വാഷിങ്ടൺ: ഇറാനിൽ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഇന്ത്യൻ കമ്പനികൾക്കും അഞ്ച് വ്യക്തികൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. എസ്എസ്പിഎൽ സൊലൂഷൻസ് (SSPL Solutions), സമുദ്ര മറൈൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് (Samudra Marine Services Pvt Ltd) എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പേരെ വാണിജ്യ ഇടപാടുകൾ നടത്തുന്നതിൽ നിന്നും യുഎസ് വിലക്കിയിട്ടുണ്ട്.
'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിൽ ഇറാനെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ ഉപരോധം. ഇറാനിയൻ പെട്രോളിയം, പെട്രോളിയം ഉൽപ്പന്നങ്ങൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് ആകെ പത്ത് സ്ഥാപനങ്ങൾക്കും ആറ് വ്യക്തികൾക്കും അഞ്ച് കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കുമെതിരെ ശക്തമായ ഉപരോധ നടപടികൾ തുടരുമെന്നാണ് വിഷയത്തിൽ അമേരിക്ക നൽകുന്ന ഔദ്യോഗിക വിശദീകരണം.





