റിയാദ്: സൗദി അറേബ്യയിൽ ഹൂതി ആക്രമണ ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രവാസികൾ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസി നിർദ്ദേശിച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിൽ നിന്നടക്കം റിയാദിലേക്കുള്ള വിമാന സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികളാണ് സർവീസുകൾ നിർത്തിവെച്ചത്. ശനിയാഴ്ച വരെയുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയതായി അറിയിച്ച എയർ ഇന്ത്യ, കണ്ണൂരിൽ നിന്ന് റിയാദിലേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്ര പാതിവഴിയിൽ റദ്ദാക്കി തിരിച്ചിറക്കുകയും ചെയ്തു.
യാത്ര മുടങ്ങിയ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുമെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.





