കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ 5,285 പേരെ ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് സിംഘാ ദർബാറിൽ ചേർന്ന മന്ത്രിസഭാ യോഗം ഓർഡിനൻസ് ശുപാർശ ചെയ്തു. കാണാതായവരുടെ പട്ടികയിൽ ഏഴ് മലയാളികളും ഉൾപ്പെടുന്നുണ്ട്.
ഒരാളെ മരണപ്പെട്ടതായി നിയമപരമായി പ്രഖ്യാപിക്കാൻ 12 വർഷം കാത്തിരിക്കണമെന്ന നിലവിലെ വ്യവസ്ഥ 45 ദിവസമായി വെട്ടിച്ചുരുക്കാനാണ് ഓർഡിനൻസിലൂടെയുള്ള ഭേദഗതി. ദുരന്തബാധിത മേഖലകളിലെ തിരച്ചിൽ സർക്കാർ ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്.
വൻ നാശനഷ്ടം വിതച്ച ദുരന്തത്തിൽ ഇതുവരെ 1,455 മൃതദേഹങ്ങളാണ് കണ്ടെത്താനായത്. പ്രളയവും മണ്ണിടിച്ചിലും ചേർന്ന് രാജ്യത്തെ 70,000-ത്തോളം ആളുകളെ നേരിട്ട് ബാധിച്ചതായാണ് കണക്ക്.





