ജറുസലേം: ഫ്‌ളൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് നടത്തിയ ആക്രമണത്തെ ചെറുത്ത് വൻ വിമാന ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം. ഇസ്രായേൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് പ്രസിഡന്റ് ഐസക് ഹെർസോഗാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. വിമാനം തകർക്കാൻ ശ്രമിച്ചയാളെ തടയുന്നതിൽ പങ്കുവഹിച്ച മറ്റ് ആറ് യാത്രക്കാർക്ക് വ്യാഴാഴ്ച ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
2026 സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈറ്റ് 1073-ലായിരുന്നു സംഭവം. സ്മിത് മച്ചാറിന്റെ അസാധാരണമായ ധൈര്യവും ഉയർന്ന പ്രൊഫഷണലിസവുമാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നും, അദ്ദേഹത്തിന്റെ പൂർണ്ണമായ രോഗമുക്തിക്കായി പ്രാർത്ഥിക്കുന്നതായും പ്രസിഡന്റ് വ്യക്തമാക്കി. പരിക്കിൽ നിന്ന് മുക്തനായി ആരോഗ്യം വീണ്ടെടുത്ത ശേഷം ഇസ്രായേൽ ജനതയുടെ പേരിൽ പുരസ്കാരം അദ്ദേഹത്തിന് നേരിട്ട് കൈമാറുമെന്നും ഹെർസോഗ് അറിയിച്ചു.
ഒക്ടോബർ ഏഴിന് ശേഷമാണ് ജീവൻ പണയം വെച്ചും മറ്റുള്ളവരെ രക്ഷിക്കാൻ അസാധാരണ ധീരത കാട്ടുന്നവരെ ആദരിക്കുന്നതിനായി പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം ഏർപ്പെടുത്തിയത്. വിമാനത്തിൽ വെച്ച് അക്രമിയെ തടഞ്ഞ താലി മാനെസ്, സ്വീക മാനെസ്, യാനിവ് ഹയൂൺ, ഷോട്ട മുസായേവ്, അസഫ് രാജുവാൻ, ഓർ പർദിലോവ് എന്നിവർക്കാണ് ചടങ്ങിൽ പ്രസിഡന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചതെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.





