യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നതിൽ അമേരിക്ക വിമുഖത കാണിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. കിഴക്കൻ നഗരമായ ക്രാമാറ്റോർസ്കിലുണ്ടായ പുതിയ ആക്രമണത്തോടെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി യുക്രൈനിലുടനീളം കൊല്ലപ്പെട്ടവരുടെ എണ്ണം 78 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് യുഎസിനെതിരെയുള്ള അദ്ദേഹത്തിന്റെ രൂക്ഷവിമർശനം. വടക്കൻ യുക്രൈൻ നഗരമായ പ്രിലൂക്കിയിൽ മാധ്യമങ്ങളോട് സംസാരിച്ച സെലെൻസ്‌കി, രണ്ടു ദിവസങ്ങളിലായി 215 പേർക്ക് പരിക്കേറ്റതായും അറിയിച്ചു.
തലസ്ഥാനമായ കീവിൽ നിന്ന് 130 കിലോമീറ്റർ കിഴക്കുള്ള പ്രിലൂക്കിയിലെ പാർപ്പിട സമുച്ചയത്തിൽ മാത്രം റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളെ ലക്ഷ്യമിടാനും വ്യോമപ്രതിരോധം ശക്തിപ്പെടുത്താനും യുക്രൈന് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ശൃംഖല പൂർണ്ണമായി ലഭ്യമാക്കണമെന്ന് അദ്ദേഹം വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു. ഇറാൻ സംഘർഷവേളയിൽ നൽകിയതുപോലെ യുക്രൈനും സ്റ്റാർലിങ്ക് തുറന്നുനൽകണമെന്നും, വ്യോമാതിർത്തി സംരക്ഷിക്കാൻ കഴിഞ്ഞാൽ വ്‌ളാഡിമിർ പുടിൻ ചർച്ചയ്ക്ക് വരാൻ നിർബന്ധിതനാകുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം പ്രതിസന്ധിയിലാണെന്ന (stalemate) യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ വിലയിരുത്തലിനെ സെലെൻസ്‌കി തള്ളിപ്പറഞ്ഞു. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്ന അമേരിക്ക, റഷ്യയുമായി സാമ്പത്തിക പങ്കാളിത്ത ചർച്ചകൾ നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് ഗ്യാസ് എത്തിച്ചിരുന്ന നോർഡ് സ്ട്രീം പൈപ്പ്‌ലൈൻ പദ്ധതിയിൽ യുഎസ് നിക്ഷേപകരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുതിർന്ന റഷ്യൻ പ്രതിനിധികളും യുഎസ് പ്രത്യേക ദൂതൻ ജാരെഡ് കുഷ്‌നറും ചർച്ച നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
വെള്ളിയും ശനിയും ദിവസങ്ങളിൽ യുക്രൈൻ പ്രതിനിധി സംഘം ചർച്ചകൾക്കായി അമേരിക്കയിലെത്തുമെന്നും, റഷ്യയ്ക്കുമേൽ ഉപരോധം ശക്തമാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. നിരന്തരമായ റഷ്യൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമപ്രതിരോധ സംവിധാനങ്ങളും ചർച്ചകളിൽ പ്രധാന അജണ്ടയായിരിക്കുമെന്നും, യൂറോപ്യൻ പങ്കാളികളും ഈ ചർച്ചകളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.





