ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ മികച്ചൊരു തൊഴിൽജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു കോളേജ് ബിരുദം നേടിയാലോ? കേൾക്കുമ്പോൾ അല്പം കൗതുകം തോന്നാമെങ്കിലും, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ ഇന്ന് ഒരു പ്രധാന കരിയർ മേഖലയായി ലോകമെമ്പാടും അംഗീകരിക്കപ്പെടുകയാണ്. ഈ മാറ്റം ഉൾക്കൊണ്ടുകൊണ്ട് കണ്ടന്റ് ക്രിയേഷനിൽ പുതിയൊരു ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ് യു.എസിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (ASU).
സർവ്വകലാശാലയുടെ കീഴിലുള്ള വാൾട്ടർ ക്രോങ്കൈറ്റ് സ്കൂൾ ഓഫ് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വഴിയാണ് ഈ പുതിയ ബിരുദ കോഴ്സ് വാഗ്ദാനം ചെയ്യുന്നത്. പരമ്പരാഗത മാധ്യമ പഠനങ്ങളുടെയും മാസ് കമ്മ്യൂണിക്കേഷൻ കോഴ്സുകളുടെയും പാഠ്യപദ്ധതികൾ ഇതിൽ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, പോഡ്‌കാസ്റ്റിംഗ്, സ്റ്റുഡിയോ നിർമ്മാണം, ക്യാമറയ്ക്ക് മുന്നിലെ അവതരണ മികവ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രായോഗിക പരിശീലനം കോഴ്സ് ഉറപ്പുനൽകുന്നുണ്ടെന്ന് ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വളർന്നുവരുന്ന ക്രിയേറ്റർ ഇക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ആദ്യ സ്ഥാപനമല്ല എ.എസ്.യു. സിറാക്കൂസ് യൂണിവേഴ്സിറ്റി, ക്വിന്നിപിയാക് യൂണിവേഴ്സിറ്റി, കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ കണ്ടന്റ് ക്രിയേഷനുമായി ബന്ധപ്പെട്ട മൈനർ കോഴ്സുകൾ നിലവിൽ തന്നെ നൽകിവരുന്നുണ്ട്. ഇതിന് പുറമെ, കഴിഞ്ഞ ശൈത്യകാലത്ത് സെന്റ് ബൊണാവെഞ്ചർ യൂണിവേഴ്സിറ്റി കണ്ടന്റ് ക്രിയേഷനിൽ ഒരു പ്രധാന (മേജർ) ബിരുദ കോഴ്സ് ഔദ്യോഗികമായി ആരംഭിച്ചിരുന്നു.





