ക്വിറ്റോ: കൊളംബിയൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത് എക്വഡോർ പോലീസ് നടത്തിയ വലിയ പരിശോധനയിൽ, നോർവേയുടെ സൂപ്പർ ഫുട്ബോളർ എർലിങ് ഹാളണ്ടിന്റെ ഫോട്ടോ ഒട്ടിച്ച കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. കൃത്യമായ രഹസ്യസന്ദേശം ലഭിച്ചതിനെ തുടർന്ന് പാൻ-അമേരിക്കൻ ഹൈവേയിൽ വച്ച് സംശയകരമായ രീതിയിൽ വന്ന ട്രക്ക് തടഞ്ഞുനിർത്തി ആന്റി-നാർക്കോട്ടിക്‌സ് വിഭാഗം പരിശോധന നടത്തുകയായിരുന്നു. പ്രത്യേക അറകൾ നിർമ്മിച്ച് അടിഭാഗത്ത് ഒളിപ്പിച്ചിരുന്ന 370 പച്ച ചതുരപ്പൊതികളിലായി സൂക്ഷിച്ച 469 കിലോഗ്രാം കൊക്കെയ്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെയും നോർവീജിയൻ ദേശീയ ടീമിന്റെയും നക്ഷത്രതാരമായ എർലിങ് ഹാളണ്ടിന്റെ സ്റ്റിക്കറുകളായിരുന്നു ഈ പൊതികളിൽ ഒട്ടിച്ചിരുന്നത്.
സംഭവസ്ഥലത്തു വച്ചുതന്നെ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് ആഗോള വിപണിയിൽ ദശകോടികളുടെ മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കയിൽ 11 ദശലക്ഷത്തിലധികം ഡോളറും (ഏകദേശം 90 കോടിയിലേറെ ഇന്ത്യൻ രൂപ) യൂറോപ്പിലെ കരിഞ്ചന്തയിൽ 17 ദശലക്ഷത്തിലധികം യൂറോയും ഇതിന് വിലമതിക്കും.
ലഹരി മരുന്ന് പാക്കറ്റുകളിൽ ഫുട്ബോൾ താരത്തിന്റെ ഫോട്ടോ പതിപ്പിച്ചതിന് പിന്നിൽ കൃത്യമായ കാരണമുണ്ട്. ലഹരിക്കടത്തുകാരായ സംഘങ്ങൾ പതിവായി ഉപയോഗിക്കുന്നൊരു തന്ത്രമാണിതെന്ന് പോലീസ് വ്യക്തമാക്കുന്നു. മറ്റ് മാഫിയകളുടെ ഉൽപ്പന്നങ്ങളിൽ നിന്ന് തങ്ങളുടെ ചരക്ക് വേർതിരിച്ചറിയുന്നതിനും, നിർമ്മാതാക്കൾ ഏത് സംഘമാണെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് പ്രശസ്ത വ്യക്തികളുടെയും കായികതാരങ്ങളുടെയും ചിത്രങ്ങൾ ഇവർ തിരിച്ചറിയൽ മുദ്രയായി ഉപയോഗിക്കുന്നത്. മുൻപും സമാനമായ രീതിയിൽ അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ചിത്രം വെച്ച മയക്കുമരുന്ന് പാക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.





