ചെങ്കടൽ മേഖലയിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആറുപേർക്ക് ജീവൻ നഷ്ടമായി. ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികൾ നടത്തുന്ന കപ്പൽ ആക്രമണങ്ങളിൽ ഇത്രയധികം ആളുകൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.
മരണപ്പെട്ട നാവികരിൽ മൂന്നുപേർ പാകിസ്താൻ പൗരന്മാരും ഒരാൾ ഇന്തോനേഷ്യൻ സ്വദേശിയുമാണ്. രക്ഷാപ്രവർത്തനത്തിനായി അങ്ങോട്ടേക്കെത്തിയ യെമൻ സൈനിക വിഭാഗത്തിലെ രണ്ടുപേരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള 'തിഹാമ' എന്ന ചരക്കപ്പലിന് നേരെയാണ് ചെങ്കടലിൽ വച്ച് ഹൂതികളുടെ ആക്രമണുണ്ടായതെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, സൈനിക ഉപകരണങ്ങൾ കടത്തുകയായിരുന്ന സൗദി അറേബ്യൻ കപ്പലിനെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഹൂതി വിഭാഗത്തിന്റെ വിശദീകരണം.





