ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി ഉയർന്നു. വ്യാപകമായ മണ്ണിടിച്ചിലും റോഡുകൾ തകർന്നതും മൂലം അയ്യായിരത്തോളം പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. ദുരന്തത്തിൽ നൂറ്റിമുപ്പതിലേറെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലർക്കും അസ്ഥികൾക്ക് ഒടിവുണ്ടാകുന്നതുൾപ്പെടെയുള്ള ഗുരുതരമായ പരിക്കുകളാണുള്ളതെന്നാണ് വിവരം. അതേസമയം, തുടർച്ചയായ മണ്ണിടിച്ചിലും തുടർചലനങ്ങളും പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട 2022-ലെ പടിഞ്ഞാറൻ ജാവ ദുരന്തത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ് ശനിയാഴ്ച ഉണ്ടായത്. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച സിക്ക മേഖലയിൽ നിന്ന് 3,300-ലധികം ആളുകൾ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ പ്രദേശത്തെ സ്പോർട്സ് സ്റ്റേഡിയത്തിലേക്കോ മാറിയതായി ദേശീയ ദുരന്ത നിവാരണ ഏജൻസി (ബി.എൻ.പി.ബി) വ്യക്തമാക്കി. പാർപ്പിടങ്ങൾ വാസയോഗ്യമല്ലാതായതോടെ വീടുകൾക്ക് പുറത്ത് ടാർപോളിൻ ഉപയോഗിച്ച് തയ്യാറാക്കിയ താൽക്കാലിക ടെന്റുകളിലാണ് നിരവധി ആളുകൾ അന്തിയുറങ്ങുന്നത്. പരിക്കേറ്റവരിൽ ചിലർക്ക് പ്രാദേശിക ആശുപത്രിക്ക് പുറത്ത് ഒരുക്കിയ താൽക്കാലിക മെഡിക്കൽ ക്യാമ്പുകളിലാണ് ചികിത്സ നൽകുന്നതെന്നും അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.





