വാഷിങ്ടൺ: അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ (താരിഫ്) മറികടക്കുന്നതിനായി ഇന്ത്യയുൾപ്പെടെ നാല്പതോളം രാജ്യങ്ങൾ ചൈനയ്ക്ക് തുണയായതായി യു.എസ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന രാജ്യങ്ങളെ 'ഷാഡോ നെറ്റ്‌വർക്കുകൾ' എന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. മൂന്നാം രാജ്യങ്ങൾ വഴിയുള്ള ചൈനയുടെ ഇത്തരം ചരക്കുനീക്കങ്ങൾ നിർമ്മിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്താൻ യു.എസ് ഉദ്യോഗസ്ഥർ തയ്യാറെടുക്കുകയാണെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുതിർന്ന വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ പുറത്തിറക്കിയ 'ദ ഗ്രേറ്റ് ട്രാൻസ്ഷിപ്‌മെന്റ് സ്കാം' എന്ന പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ട്രംപ് ഭരണകൂടം വകുപ്പ് 301 പ്രകാരം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആദ്യമായി താരിഫ് ചുമത്തിയ 2018 മുതലാണ് ഇത്തരം തന്ത്രങ്ങൾ സ്വാഭാവികമായി വ്യാപിക്കാൻ തുടങ്ങിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്നാം രാജ്യങ്ങളിലൂടെ വഴിതിരിച്ചുവിട്ട് വിപണിയിലെത്തിക്കുന്ന വസ്തുക്കളുടെ വാർഷിക മൂല്യം 40 ബില്യൺ മുതൽ 303 ബില്യൺ അമേരിക്കൻ ഡോളർ വരെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി ചൈനീസ് ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളതാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
കുറഞ്ഞ തൊഴിൽച്ചെലവുകൾ, പരിമിതമായ കസ്റ്റംസ് നിരീക്ഷണം, യു.എസ് വിപണിയിലേക്ക് വേഗത്തിൽ പ്രവേശിക്കാനുള്ള സൗകര്യം എന്നിവയുള്ള രാജ്യങ്ങളെയാണ് ചൈന പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ മൂന്നാം കക്ഷികൾ വഴി അമേരിക്കയിലേക്ക് കടത്തുന്ന ചരക്കുകൾ കൃത്യമായി കണ്ടെത്താനായി 'ഡിറ്റക്ടീവ് ബോർഡർ' എന്ന എ.ഐ ടൂൾ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് യു.എസ് അധികൃതർ.





