കൊച്ചി: മൊബൈൽ ഫോൺ അപ്‌ഡേഷനിലായ സമയത്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് 98,666 രൂപ നഷ്ടപ്പെട്ടതായി പരാതി. കൊച്ചി പറവൂർ ചിറ്റാറ്റുകര പൂയപ്പിള്ളി സ്വദേശിയുടെ ഇന്ത്യൻ ബാങ്ക് പറവൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്; സംഭവത്തിൽ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്.
സൈബർ സെൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തെലങ്കാനയിലെ യുടിഐ ബാങ്കിൽ 'ദിവ്യ' എന്നയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കണ്ടെത്തി. പണം പിൻവലിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എസ്എംഎസ് സന്ദേശങ്ങളൊന്നും ഫോണിൽ ലഭിച്ചിരുന്നില്ലെന്നും, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒൻപതാം തീയതി വൈകീട്ട് മൂന്ന് മണിക്ക് ഫോണിൽ ഫേസ്ബുക്ക് ഉപയോഗിച്ച ശേഷം ബാക്ക് അടിച്ചപ്പോഴാണ് ഫോൺ സ്വയമേവ അപ്‌ഡേഷനിലേക്ക് പോയത്. അപ്‌ഡേഷൻ 91 ശതമാനത്തിലെത്തിയപ്പോൾ ഫോൺ ഹാങ്ങാവുകയും അരമണിക്കൂറിന് ശേഷമാണ് സാധാരണ നിലയിലായതെന്നും പരാതിക്കാരൻ പറയുന്നു; രാത്രി ഏഴ് മണിയോടെ ഫോൺ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് കസ്റ്റമർ കെയറിൽ വിളിച്ച് എടിഎം കാർഡും അക്കൗണ്ടിലെ തുടർ ഇടപാടുകളും ബ്ലോക്ക് ചെയ്തതും.





