പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ച നടപടി റദ്ദാക്കണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
എം.എൽ.എ ആയിരിക്കെ വി.ഡി. സതീശൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും, വ്യക്തമായ തെളിവുകളുണ്ടായിട്ടും ക്ലീൻ ചിറ്റ് നൽകിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
വിജിലൻസ് അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നുവെന്നും, കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് അന്നത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ശിപാർശ ചെയ്തിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ശിപാർശയ്ക്ക് പിന്നാലെ യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയെന്നും, നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജിലൻസ് കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.





