കൊല്ലം: ഇറാനിലെ ബന്ദർ ലെംഗെ തുറമുഖത്ത് കുടുങ്ങിക്കിടന്ന കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിന് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ യാത്രാരേഖകൾ ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ചു. വിവരം അറിഞ്ഞതിന് പിന്നാലെ അക്ഷയ്‌യുടെ വീട്ടിലെത്തിയ മന്ത്രി ബിന്ദു കൃഷ്ണ അമ്മയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് ആശ്വസിപ്പിച്ചു.
അക്ഷയ് ഇറാനിൽ കുടുങ്ങിയ വിവരം അറിഞ്ഞയുടൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്കും, കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിക്കും, ഇറാനിലെ ഇന്ത്യൻ അംബാസഡർക്കും, നോർക്കയ്ക്കും കത്തയച്ചിരുന്നു.
മന്ത്രിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അക്ഷയുമായി നേരിട്ട് സംസാരിക്കുകയും യാത്രാരേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയുമായിരുന്നു; ഏറെ നാളായി മകന്റെ തിരിച്ചുവരവിനായി കാത്തിരുന്ന കുടുംബത്തിന് വലിയ ആശ്വാസമാണ് ഈ അറിയിപ്പ്.





