തിരുവനന്തപുരം: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ ഉൾപ്പെടെ വൈകാതെ പ്രതിചേർത്ത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകൾ ചുമത്തും. ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ നാല് വകുപ്പുകളും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
മെസ്സിയുടെ പേരിൽ സംസ്ഥാനത്ത് വ്യാപകമായ പണപ്പിരിവ് നടന്നതായി അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിട്ടുണ്ട്. സ്പോൺസർഷിപ്പ് ഏറ്റെടുത്തതിന് പിന്നാലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് പണപ്പിരിവ് നടത്തിയതെന്നും, സംശയാസ്പദമായ സാഹചര്യത്തിൽ ധനസമാഹരണത്തിനായി യോഗങ്ങൾ ചേർന്നതായും എസ്.ഐ.ടി വ്യക്തമാക്കുന്നു.





