Malayali Media
Kerala

കോഴഞ്ചേരി പാലം ഉദ്ഘാടനത്തിൽ അബിൻ വർക്കി എം.എൽ.എ വ്യാജപ്രചാരണം നടത്തുന്നു; മാപ്പ് പറയണമെന്ന് മുൻ മന്ത്രി വീണാ ജോർജ്

Admin User14 Nov 202619 views 3 min read
കോഴഞ്ചേരി പാലം ഉദ്ഘാടനത്തിൽ അബിൻ വർക്കി എം.എൽ.എ വ്യാജപ്രചാരണം നടത്തുന്നു; മാപ്പ് പറയണമെന്ന് മുൻ മന്ത്രി വീണാ ജോർജ്
Advertisement

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന് അനുമതി നൽകിയത് യു.ഡി.എഫ് സർക്കാരാണെന്ന് പ്രചരിപ്പിച്ച അബിൻ വർക്കി എം.എൽ.എ മാപ്പ് പറയണമെന്ന് മുൻ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എ വ്യാജപ്രചാരണം നടത്തുകയാണെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ഒന്നാം പിണറായി സർക്കാരിന്റെ പദ്ധതിയായ കോഴഞ്ചേരി പാലത്തിന്റെ നിർമാണം രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് പൂർത്തിയായതെന്നും വീണാ ജോർജ് വ്യക്തമാക്കി.

വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴഞ്ചേരിയിൽ പുതിയ പാലം നാടിന്റെ ചിരകാല സ്വപ്നമായിരുന്നു. നിർമ്മാണം പൂർത്തിയായി ഏറെ നാളുകൾക്ക് ശേഷം, ആ സ്വപ്നപാത ഒടുവിൽ പൊതുസമൂഹത്തിനായി തുറന്നുകൊടുക്കുമ്പോൾ, ഇത് യാഥാർത്ഥ്യമാക്കാൻ നടന്ന കഠിനാധ്വാനത്തിന്റെയും നിയമപോരാട്ടങ്ങളുടെയും തീക്ഷ്ണമായ ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.

​പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ എംഎൽഎ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നു എന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ട് കൂടി, സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഇവിടെ കുറിക്കട്ടെ.

​ഞാൻ ആറന്മുള എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം, 2016-ൽ എന്റെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ അന്നത്തെ ബഹു..ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് പുതിയ കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി (KIIFB) വഴിയാണ് ഇതിനായി പണം അനുവദിച്ചത്. (കിഫ്ബിയിലൂടെ പണം അനുവദിച്ച ഒരു പദ്ധതി അതിന് മുൻപ് അനുവദിച്ചതാണെന്ന് അവകാശപ്പെടുന്നവർ സ്വയം പരിഹാസ്യരാകുകയാണ് എന്ന് ഓർക്കുന്നില്ലല്ലോ!).

​പാലത്തിന്റെ നാൾവഴികളും ഔദ്യോഗിക ഉത്തരവുകളും വ്യക്തമാണ്:

​ഭരണാനുമതി നൽകിയ തീയതി: 31/10/2016

സർക്കാർ ഉത്തരവ്: GO (Rt) No. 1496/2016/PWD (തീയതി: 31/10/2016)

അനുവദിച്ച തുക: 22.02 കോടി രൂപ

​സാമ്പത്തിക അനുമതി നൽകിയ തീയതി: 21/08/2017

ഉത്തരവ്: APR-1/76/2017/KIIFB (തീയതി: 21/08/2017)

അനുവദിച്ച തുക: 19.77 കോടി രൂപ

​2018-ൽ ഒന്നാം പിണറായി സർക്കാരിലെ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരനാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.

​തറക്കല്ലിട്ടത് മുതൽ പൂർത്തീകരണം വരെയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല; പ്രതിസന്ധികളുടെ കടമ്പകൾ അനേകമായിരുന്നു. 2018-ലെ മഹാപ്രളയം, തുടർന്നുള്ള ഓരോ വർഷത്തെയും കനത്ത മഴയും വെള്ളപ്പൊക്കവും, നിർമ്മാണ പ്രവർത്തനങ്ങളെ രണ്ട് വർഷത്തോളം സ്തംഭിപ്പിച്ച കോവിഡ് മഹാമാരി , ജിഎസ്ടിയുമായി ബന്ധപ്പെട്ട് കരാറുകാരൻ നൽകിയ കേസ്, മാരാമൺ കരയിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ, വണ്ടിപ്പേട്ടയിലെ സ്ഥലവും പഞ്ചായത്തുമായുള്ള കേസുകളിൽ നിർമ്മാണം തടസ്സപ്പെടുത്തിയ കോടതി സ്റ്റേകൾ—അങ്ങനെ പ്രതിബന്ധങ്ങൾ നിരവധിയായിരുന്നു. കോടതിവിധിയെത്തുടർന്ന് ആദ്യ കരാറുകാരൻ നിർമ്മാണം അവസാനിപ്പിച്ചപ്പോൾ 6 തവണ റീടെണ്ടർ നടപടികളിലൂടെ കടന്നുപോകേണ്ടി വന്നു.

​എന്നാൽ, തളരാതെ ഓരോ പ്രതിസന്ധിയെയും ഞങ്ങൾ അതിജീവിച്ചു. സ്ഥലമേറ്റെടുപ്പ് യാഥാർത്ഥ്യമാക്കി; പോസ്റ്റ് ഓഫീസിന്റെ സ്ഥലവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും പരിഹരിച്ചു.

​പണം നൽകിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 2023–24 കാലയളവിൽ പൂർത്തിയാക്കി. 2024 ജനുവരി മാസത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി , ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറി. തുടർന്ന് അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. (2024 ജനുവരിയിൽ തന്നെ പൂർത്തിയായ സ്ഥലമേറ്റെടുപ്പ്, ഇപ്പോൾ ഈ നാല് മാസത്തിനുള്ളിൽ നടത്തിയതാണ് എന്ന് പറയാൻ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണ്!).

​പാലത്തിന് ഏത് നിറത്തിലുള്ള പെയിന്റ് നൽകണമെന്ന് വരെ തീരുമാനിച്ച്, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാലത്തിന്റെ പണികൾ പൂർത്തിയാക്കി വൈറ്റ് വാഷ് ചെയ്യുന്ന പ്രവൃത്തികളും ആരംഭിച്ചിരുന്നു. ​കോഴഞ്ചേരിയിൽ പുതിയ പാലം അനുവദിച്ച വിവരം പങ്കുവെച്ചപ്പോൾ മാരാമൺ കരയിലെ വീട്ടിൽ ഉണ്ടായിരുന്ന ഭാഗ്യസ്മരണാർഹനായ ക്രിസോസ്റ്റം തിരുമേനിയുടെ മുഖത്ത് വിരിഞ്ഞ ആ വാത്സല്യപൂർണ്ണമായ പുഞ്ചിരി ഇന്നും മനസ്സിൽ മായാതെയുണ്ട്. പാലത്തിന് ഫണ്ട് അനുവദിപ്പിക്കുന്നത് മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെയുള്ള ഈ നീണ്ട യാത്രയിൽ ഒപ്പം നിന്ന ഓരോരുത്തരെയും ഹൃദയപൂർവ്വം സ്മരിക്കുന്നു.

2018-ലെ മഹാപ്രളയത്തിൽ നിർമ്മാണ സാമഗ്രികളെല്ലാം കുത്തിയൊലിച്ചു പോയപ്പോൾ, നിർമ്മാണത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൈമെയ് മറന്ന് സൗകര്യമൊരുക്കിയവർ മുതൽ, ഏറ്റവും ഒടുവിൽ കുത്തിയൊഴുകുന്ന പമ്പയാറ്റിൽ ലോറി താഴ്ന്നുപോയപ്പോൾ പാതിരാത്രിയിലും പുലർച്ചെയും ഒപ്പം ഇറങ്ങി നിന്ന് ലോറി ഒഴുക്കിൽപ്പെടാതെ വലിച്ചുകയറ്റാൻ ശ്രമിച്ചവർ വരെ—പ്രിയപ്പെട്ടവരായ എല്ലാ നല്ല മനുഷ്യരെയും സ്നേഹത്തോടെ ഓർക്കുന്നു. ആ ഓർമ്മകൾ നൽകുന്നത് വലിയ സന്തോഷവും അഭിമാനവുമാണ്.

​ചിലർ ബോധപൂർവ്വം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുന്നതുകൊണ്ടാണ് സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഈ യാഥാർത്ഥ്യങ്ങൾ ഇവിടെ വ്യക്തമാക്കിയത്. പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്ന കള്ളം മുതൽ, 2024 ജനുവരിയിൽ പൂർത്തിയായ സ്ഥലമേറ്റെടുപ്പ് ഇപ്പോൾ നടത്തിയതാണെന്ന നുണ വരെ പാലത്തെക്കുറിച്ച് കള്ളങ്ങൾ മാത്രം പറയുന്ന എംഎൽഎയ്ക്ക്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം.

Tags:#വീണാ ജോർജ്#അബിൻ വർക്കി#കോഴഞ്ചേരി പാലം#പത്തനംതിട്ട വാർത്തകൾ#കേരള രാഷ്ട്രീയം#Veena George#Abin Varkey MLA#Kozhencherry Bridge Inauguration#Pathanamthitta News Malayalam#Kerala Politics
Advertisement

Related News

പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കെ.എം. ഷാജഹാൻ ഹൈക്കോടതിയിൽ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കെ.എം. ഷാജഹാൻ ഹൈക്കോടതിയിൽ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിന് യാത്രാരേഖകൾ ലഭിച്ചു; വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിന് യാത്രാരേഖകൾ ലഭിച്ചു; വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും

ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും

രാജ്‌മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡി.സി.സി; പാർട്ടിക്ക് അപമാനമെന്ന് പ്രസിഡന്റ് പി.കെ. ഫൈസൽ

രാജ്‌മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡി.സി.സി; പാർട്ടിക്ക് അപമാനമെന്ന് പ്രസിഡന്റ് പി.കെ. ഫൈസൽ

കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണ് തോട്ടം ഉടമ മരിച്ചു

കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണ് തോട്ടം ഉടമ മരിച്ചു

Comments

Add a Comment

Our Channels

കോഴഞ്ചേരി പാലം ഉദ്ഘാടനത്തിൽ അബിൻ വർക്കി എം.എൽ.എ വ്യാജപ്രചാരണം നടത്തുന്നു; മാപ്പ് പറയണമെന്ന് മുൻ മന്ത്രി വീണാ ജോർജ് | Malayali Media