കൊച്ചി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ 'Belonging - A Journey of Love' എന്ന പുസ്തകത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി കൃതിയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നത് പുസ്തകലോകത്തെക്കുറിച്ച് അറിവില്ലാത്തവരാണെന്ന് എഴുത്തുകാരൻ എൻ.ഇ. സുധീർ. പുസ്തകത്തിലെ വസ്തുതാപരമായ പിഴവുകൾക്ക് ഗ്രന്ഥകാരിയെ കുറ്റപ്പെടുത്താൻ താനില്ലെന്നും, ഫാക്ട് ചെക്കിംഗിലും പ്രൂഫ് റീഡിംഗിലും പ്രസാധകരായ ഹാർപ്പർ കോളിൻസിന്റെ എഡിറ്റർക്ക് സംഭവിച്ച മാപ്പർഹിക്കാത്ത വീഴ്ചയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പുസ്തകത്തിന്റെ 311-ാം പേജിൽ 1994-ലെ നെൽസൺ മണ്ടേലയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെ നയിച്ചത് 'പ്രസിഡന്റ് ആർ.കെ. നാരായൺ' ആണെന്ന് അച്ചടിച്ചുവന്നത് കണ്ട് താൻ അന്തംവിട്ടുപോയെന്ന് സുധീർ കുറിച്ചു. കെ.ആർ. നാരായണൻ എന്ന പേര് സോണിയ ഗാന്ധിക്ക് ഒരിക്കലും തെറ്റിപ്പോകില്ലെന്നും, അഥവാ മാനുസ്‌ക്രിപ്റ്റിൽ അങ്ങനെയുണ്ടായാലും വിഖ്യാത പ്രസാധകരായ ഹാർപ്പർ കോളിൻസിന്റെ എഡിറ്ററുടെ കണ്ണിൽ അത് പെടാതെ പോകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേരുകൾ, വർഷങ്ങൾ, കണക്കുകൾ എന്നിവയിലുൾപ്പെടെ നിരവധി വസ്തുതാപരമായ തെറ്റുകൾ പുസ്തകത്തിൽ കടന്നുകൂടിയിട്ടുണ്ടെന്നും, ഇതിന് ഉത്തരവാദിയായ എഡിറ്റർക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും സുധീർ അഭിപ്രായപ്പെട്ടു. ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് സോണിയ ഗാന്ധിക്ക് മാറിനിൽക്കാനാകില്ലെങ്കിലും പ്രായോഗികമായി ഇത് പ്രസാധകരുടെ നിരുത്തരവാദപരമായ സമീപനമാണെന്ന് അദ്ദേഹം വിലയിരുത്തി.
ബൈബിൾ മുതൽ ഹാരിപോട്ടർ വരെയുള്ള കൃതികളിലും, എം.ടിയുടെ ലേഖന സമാഹാരവും അടുത്തിടെ ഇറങ്ങിയ ഒരു ജീവചരിത്രവും ഉൾപ്പെടെയുള്ള മലയാള പുസ്തകങ്ങളിലും ഇത്തരം അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുസ്തകത്തിൽ തെറ്റുകൾ മാത്രം തിരഞ്ഞുനടക്കുന്നവരാണ് ഇപ്പോൾ വിമർശനവുമായി രംഗത്തുള്ളതെന്നും, അടുത്ത പതിപ്പിൽ തിരുത്താവുന്ന പിഴവുകൾ മാത്രമാണ് ഇതിലുള്ളതെന്നും എൻ.ഇ. സുധീർ കൂട്ടിച്ചേർത്തു.





