കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സയ്യിദ് ഉൾപ്പെടെ അഞ്ച് വിദ്യാർത്ഥികൾക്ക് ലൈബ്രറിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. അനുവാദമില്ലാത്ത സമയത്ത് റീഡിങ് റൂമിൽ പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി; തിങ്കളാഴ്ച പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കൂടാതെ, ഹോസ്റ്റലിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ ഡീൻ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സയ്യിദിന് നോട്ടീസ് നൽകിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണിയോടെ കാരണം വ്യക്തമാക്കാതെയാണ് നോട്ടീസ് നൽകിയതെന്നും, നിലവിൽ ഇത് കൈപ്പറ്റുന്നില്ലെന്നും ഓഫീസ് സമയത്ത് കൈപ്പറ്റുമെന്നും സയ്യിദ് അറിയിച്ചു.
അധികൃതരുടേത് പ്രതികാര നടപടിയാണെന്ന് ആരോപിച്ച എസ്.എഫ്.ഐ, ഇതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.





