തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിലെ തീരുമാനം ഏറെ വൈകുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ രംഗത്തെത്തി. വിഷയത്തിൽ 'എ' ഗ്രൂപ്പിന് മാത്രമല്ല, എല്ലാവർക്കും അതൃപ്തിയുണ്ടെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, ഉടൻ നടപടിയുണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചതെന്നും വ്യക്തമാക്കി.
അതേസമയം, ബോർഡ്-കോർപ്പറേഷൻ ചർച്ചകളിൽ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കാണാനും കോൺഗ്രസിലെ 'എ' ഗ്രൂപ്പ് തീരുമാനിച്ചു. ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ബെന്നി ബെഹനാനെയോ ഷാഫി പറമ്പിലിനെയോ അധ്യക്ഷനാക്കണമെന്നാണ് ഇവരുടെ ആവശ്യം.
മുസ്‌ലിം ലീഗിന് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് വ്യക്തമാക്കിയ എം.എം. ഹസൻ, സർക്കാരിലെ ഭിന്നതയെക്കുറിച്ച് മുഖ്യമന്ത്രിയോടും സർക്കാരിലുള്ളവരോടും ചോദിക്കണമെന്നും പ്രതികരിച്ചു. സർക്കാർ അധികാരമേറ്റ് ആറ് മാസം പിന്നിട്ടിട്ടും ബോർഡ്-കോർപ്പറേഷൻ വിഭജനം പൂർത്തിയാക്കാൻ കഴിയാത്തതിൽ യു.ഡി.എഫ് ഘടകകക്ഷികൾക്കും മന്ത്രിമാർക്കും അതൃപ്തിയുണ്ട്.
അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ.സി. പക്ഷമാണെന്നാണ് വി.ഡി. സതീശൻ അനുകൂലികൾ തുടക്കം മുതൽ ആരോപിക്കുന്നത്; എന്നാൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് കെ.സി. വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.





