തിരുവനന്തപുരം: മാനവീയം വീഥിയിൽ പിന്നണി ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച നഗരസഭയുടെ നടപടിയെ ന്യായീകരിച്ച് മേയർ വി.വി. രാജേഷ് രംഗത്തെത്തി. ആർക്കും എന്തും നടത്താനുള്ള ഇടമല്ല മാനവീയം വീഥിയെന്നും, നിലവിൽ വീഥിയുടെ ചുമതല നഗരസഭയ്ക്കാണെന്നും പരിപാടികളുടെ ആധികാരികത പരിശോധിച്ച ശേഷമേ അനുമതി നൽകാനാകൂ എന്നും അദ്ദേഹം '24'-നോട് വ്യക്തമാക്കി.
അതേസമയം, മേയറുടെ നടപടിക്കെതിരെ നാളെ മാനവീയം വീഥിയിൽ 'മാനവികത പ്രതിഷേധ' പരിപാടികൾ സംഘടിപ്പിക്കാൻ സാംസ്കാരിക സംഘടനകൾ തീരുമാനിച്ചു. മാനവീയം സാംസ്കാരിക കൂട്ടായ്മകളുടെ രജത ജൂബിലി പ്രമാണിച്ചാണ് പുഷ്പവതിയുടെ പരിപാടി നിശ്ചയിച്ചിരുന്നത്; ഇതിനായി നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും മേയർ അനുമതി നൽകി ഒപ്പിട്ടിരുന്നില്ല.
എന്നാൽ, അനുമതി തേടി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും എല്ലാ പരിപാടികൾക്കും അനുമതി നൽകാനാകില്ലെന്നുമാണ് മേയറുടെ വിശദീകരണം. മുൻ എൽ.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന നിയന്ത്രണങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും, ബി.ജെ.പി ഭരണസമിതി പ്രത്യേകമായി നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.





