മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സമദാനിയെ പരാജയപ്പെടുത്താൻ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിച്ചെന്ന സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കുട്ടി ഹസ്സൻ ദാരിമിയുടെ പ്രസംഗം വിവാദമായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്റഫ് തിരൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചുവെന്നും, തുടർന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലീഗിനെതിരെ നീക്കങ്ങൾ നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
പാണക്കാട് കുടുംബത്തെയും പാണക്കാട് തങ്ങളെയും അപമാനിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുസ്‌ലിം ലീഗിനെ താഴെയിറക്കാൻ പലതവണ നീക്കങ്ങൾ നടന്നിട്ടുണ്ടെന്നും ലീഗ് അനുകൂല നേതാവായ കുട്ടി ഹസ്സൻ ദാരിമി കുറ്റപ്പെടുത്തി. അതേസമയം, ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമാണെന്ന് തെളിയിക്കാൻ കുട്ടി ഹസ്സൻ ദാരിമി തയ്യാറാകണമെന്നും വെറുതെ ആരോപണം ഉന്നയിച്ച് കടന്നുകളയരുതെന്നും ഒ.പി.എം. അഷ്റഫ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.
യു.ഡി.എഫ് അധികാരത്തിലെത്തിയതിന് പിന്നാലെ സമസ്തയ്ക്കുള്ളിലെ ലീഗ് അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സമസ്ത പുറത്താക്കിയ മുസ്തഫൽ ഫൈസിയെ പോലുള്ളവരെ വഖഫ് ബോർഡിൽ നിയമിച്ചുകൊണ്ട് സർക്കാർ തന്നെ ലീഗ് വിരുദ്ധ വിഭാഗത്തെ വെല്ലുവിളിക്കുന്ന സാഹചര്യം നിലനിൽക്കെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.





