തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസാ തോമസിന്റെ അക്കാദമിക് യോഗ്യതകളെ പരസ്യമായി ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംഘപരിവാർ വിധേയത്വം മാത്രമാണ് വിസി സ്ഥാനത്തിരിക്കാനുള്ള സിസാ തോമസിന്റെ ഏക യോഗ്യതയെന്നും, അർഹതയില്ലാത്ത പദവിയിലിരുന്ന് വിദ്യാർത്ഥികളുടെ അച്ചടക്കത്തെയും പഠനത്തെയും പറ്റി സംസാരിക്കാൻ ലജ്ജയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഐസക്കിന്റെ വിമർശനം.
ശാസ്ത്രജ്ഞയായി സ്വയം വിശേഷിപ്പിക്കുന്ന സിസാ തോമസിന്റെ പേരിൽ നിലവിൽ ഒറ്റ പേറ്റന്റ് പോലുമില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. സഹ ഉടമസ്ഥതയിൽ രണ്ട് പേറ്റന്റുകൾക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന വാദം യഥാർത്ഥത്തിൽ പേറ്റന്റ് ലഭിക്കുന്നതിന് തുല്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന അവകാശവാദത്തിൽ ഏഴെണ്ണവും മറ്റുള്ളവരുടെ പ്രബന്ധ സമാഹാരങ്ങളിലെ സഹ എഡിറ്റർ പദവി മാത്രമാണെന്നും എട്ടാമത്തേത് പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്കൃത സർവകലാശാലയുടെ തലപ്പത്തിരിക്കാൻ സംസ്കൃതത്തിന്റെ ബാലപാഠങ്ങളിലോ ദർശനത്തിലോ കലയിലോ സാഹിത്യത്തിലോ പ്രാഥമിക പ്രാവീണ്യമെങ്കിലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്കൃത അക്ഷരമാല പോലും വശമില്ലാത്ത ഒരാൾക്ക് വിസി ആകാൻ എന്ത് അർഹതയാണുള്ളതെന്നും തോമസ് ഐസക് ചോദിച്ചു.





