തിരുവനന്തപുരം: യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനിൽക്കുകയാണെന്നും, വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സമർപ്പിച്ച പരാതിയിൽ ഇതുവരെ പ്രതികരണം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡിന്റെ മറുപടി ലഭിച്ച ശേഷം തുടർകാര്യങ്ങൾ വ്യക്തമാക്കാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുമായി വ്യക്തിപരമായി യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. സണ്ണി ജോസഫ് നടത്തിയ പ്രതികരണത്തോടെ താൻ ഉന്നയിച്ച ആക്ഷേപങ്ങൾ കൂടുതൽ വ്യക്തമാവുകയല്ലേ എന്ന ചോദ്യത്തിന്, ആ കാര്യം മാധ്യമങ്ങൾ തന്നെ വിലയിരുത്തട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സണ്ണി ജോസഫും മുഖ്യമന്ത്രിയും തമ്മിൽ എന്തെങ്കിലും ചർച്ചകൾ നടത്തിയതായി തനിക്കറിയില്ലെന്നും, ഈ വിഷയങ്ങളിൽ കെപിസിസി പ്രസിഡന്റ് ഇതിനകം വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ തനിക്ക് എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കിൽ അത് അനുയോജ്യമായ സമയത്ത് മാത്രമേ പരസ്യമായി പറയുകയുള്ളൂവെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.





