തിരുവനന്തപുരം: വൈദ്യുതി വകുപ്പിലെ കാര്യങ്ങൾ താൻ അറിയുന്നില്ലെന്ന മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി വാങ്ങുന്നതിനുള്ള ഫയൽ അയച്ചത് സണ്ണി ജോസഫ് തന്നെയാണെന്നും, പിന്നെയെങ്ങനെയാണ് കാര്യങ്ങൾ അറിയില്ലെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോൾ തന്നെ വൈദ്യുതി വാങ്ങണമെന്ന് കാണിച്ച് ഫയൽ അയച്ചാൽ ഉടൻ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല താനെന്നും വ്യക്തമാക്കിയ അദ്ദേഹം, സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്ന വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
ജിഎൻഎയുമായി (GNA) യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ലാത്തതിനാൽ അതിൽ നിന്ന് പിന്മാറിയെന്ന വാർത്ത താനും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പവർകട്ട് ഉണ്ടാകുമെന്ന റിപ്പോർട്ട് മുന്നിൽ വന്നപ്പോഴാണ് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞതെന്നും, തന്നെ തെറ്റിദ്ധരിപ്പിച്ചതാണോ എന്ന് വ്യക്തമല്ലെങ്കിലും അത്തരമൊരു കത്ത് വരുമ്പോൾ ഏത് മുഖ്യമന്ത്രിയും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വൈദ്യുതി ക്ഷാമമില്ലെങ്കിലും വരും മാസങ്ങളിൽ ആവശ്യം വന്നേക്കാമെന്നും, പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ടിൽ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി മേഖലയിൽ മുൻ സർക്കാരിന് യാതൊരു ആസൂത്രണവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വില കുറഞ്ഞ സമയത്ത് ദീർഘകാല കരാർ ഉണ്ടാക്കാതെ ഷോർട്ട് ടേം പർച്ചേസുകൾ നടത്തിയതാണ് കഴിഞ്ഞ പത്ത് വർഷത്തെ വീഴ്ചയെന്നും, 4.65 രൂപയ്ക്ക് 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാമായിരുന്ന കരാർ റദ്ദായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഭരണകാലത്ത് പുരപ്പുറ സോളാർ മാത്രമാണ് നടന്നതെന്നും, വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നതെന്നും സതീശൻ പരിഹസിച്ചു.





