കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം കാൽ മുറിച്ചുമാറ്റേണ്ടി വന്നെന്ന രോഗി അബ്ദുൽ ജബ്ബാറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയെ തകർക്കാനുള്ള സിപിഐഎം ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ജബ്ബാറിനെ ആശുപത്രിയിൽ എത്തിച്ചത് സിപിഐഎം പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രി നടത്തിയ പ്രാഥമിക പരിശോധനയിൽ വീഴ്ചകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് സൂപ്രണ്ട് അറിയിച്ചതായും, സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ട് റീജിയണൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തെറ്റ് കണ്ടാൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 26-ന് രാത്രി ഏഴ് മണിയോടെ വലതുകാലിന്റെ പാദത്തിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അബ്ദുൽ ജബ്ബാർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുത്തിവെയ്പ്പും വേദനസംഹാരികളും നൽകി വീട്ടിലേക്ക് വിട്ടെങ്കിലും വേദന മാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ അടുത്ത ദിവസം സർജനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ജബ്ബാർ പറയുന്നു.
എന്നാൽ പിറ്റേദിവസം പരിശോധിച്ചപ്പോൾ പക്ഷാഘാതം (സ്ട്രോക്ക്) മൂലമാണ് വേദനയെന്നും എട്ട് മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നുവെന്നും ഡോക്ടർ അറിയിക്കുകയായിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലും ഇതേ നിർദ്ദേശം ലഭിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ജബ്ബാറിന്റെ വലതുകാൽ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റുകയായിരുന്നു.





