കൊച്ചി: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാന തർക്കത്തിൽ മുസ്‌ലിം ലീഗ് ഏകപക്ഷീയമായി നിലപാടെടുത്തതാണ് എറണാകുളത്ത് നടന്ന യൂത്ത് ലീഗ് സമ്മേളനത്തിൽ നിന്ന് രമേശ് ചെന്നിത്തല വിട്ടുനിൽക്കാൻ കാരണമെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. 'അയൽവീട്ടിലെ കാര്യത്തിൽ തലയിട്ട് കുടുക്കിലായ ലീഗ്!' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ലീഗ് നേതൃത്വത്തിനെതിരെ പരോക്ഷ പരിഹാസവും വിമർശനവും ഉന്നയിച്ചത്.
കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെട്ട് മുസ്‌ലിം ലീഗ് സ്വയം പ്രതിസന്ധിയിലായെന്നും ജലീൽ തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ഫേസ്ബുക് പോസ്റ്റ് :
അയൽവീട്ടിലെ കാര്യത്തിൽ തലയിട്ട് കുടുക്കിലായ ലീഗ്!
കോൺഗ്രസ്സിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ പക്ഷം പിടിച്ച മുസ്ലിംലീഗ് നേതൃത്വത്തിൻ്റെ വികല നയത്തിന് കൊടുക്കേണ്ടി വരുന്ന വില ''ഡൽഹിയിലെ അവഗണന" കൊണ്ട് തീരില്ലെന്ന സന്ദേശമാണ്, മന്ത്രിസഭയിലെ "ഒറിജിനൽ രണ്ടാമൻ" (കേരള സ്റ്റേറ്റ് No: 2, നമ്പർ പ്ലേറ്റിലല്ല) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ യൂത്ത്ലീഗ് എറണാങ്കുളം സമ്മേളനത്തിലെ അസാന്നിദ്ധ്യം നൽകുന്നത്. മുൻമുഖ്യമന്ത്രി കെ കരുണാകരനെ മാറ്റി എ.കെ ആൻ്റെണിയെ മുഖ്യമന്ത്രിയാക്കാൻ ലീഗ് ഇടപെട്ടത് വിജയിച്ചത് മുതൽക്കാണ് കോൺഗ്രസിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടൽ തങ്ങളുടെ ജൻമാവകാശമാണെന്ന മട്ടിൽ ലീഗ് പെരുമാറിത്തുടങ്ങിയത്.
യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും കോൺഗ്രസ് ഹൈക്കമാൻ്റ് തീരുമാനിക്കുന്ന പോലെ എന്ന് പറഞ്ഞപ്പോൾ "കൊമ്പുള്ള" ലീഗ് "ഇന്നയാൾ" വേണമെന്ന് ശാഠ്യം പിടിച്ചു. മൽസരാർത്ഥികളായ മറ്റു രണ്ടുപേർ അതോടെ അപമാനിതരായി. അവർ ലീഗിനോട് "കണക്ക്'' തീർക്കാൻ കിട്ടുന്ന അവസരം സമർത്ഥമായി ഉപയോഗിക്കും. അതു മനുഷ്യസഹജമാണ്. മുനവ്വറലി തങ്ങൾ ഉൾപ്പടെയുള്ള യൂത്ത് ലീഗ് നേതാക്കൾക്കെതിരെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിന് പോലീസ് കേസെടുത്തതും അയൽക്കാരൻ്റെ വീട്ടിലെ ഗൃഹനാഥൻ ആരാകണം എന്ന കാര്യത്തിൽ അഭിപ്രായം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വിലയാകുമോ?





