തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്ന രീതിയിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ഭർത്താവ് സി.കെ. ഗുപ്തൻ. പാർട്ടി രാധയെ അതീവ കരുതലോടെയാണ് സംരക്ഷിക്കുന്നതെന്നും, ആശുപത്രിയിലെ മുഴുവൻ ചികിത്സാ ബില്ലുകളും എകെജി സെന്ററിൽ നിന്നാണ് അടയ്ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയും ഔദ്യോഗിക പ്രസ്താവനയിലൂടെയും വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പലതവണ ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിച്ചിട്ടുണ്ടെന്നും കുടുംബത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളിൽ ആരും വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതര രോഗബാധയെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രി ഐസിയുവിൽ കഴിയുന്ന രാധയെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്നും കുടുംബത്തിന് പരിഭവമുണ്ടെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ റിഷി കമാൽ മനോജ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഒരു കുടുംബസുഹൃത്ത് അറിയിച്ചതെന്ന പേരിലായിരുന്നു റിഷിയുടെ പ്രതികരണം.
എന്നാൽ ഈ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയിയും വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിലെത്തി രാധയെ സന്ദർശിച്ചിരുന്നതായി വ്യക്തമാക്കിയ അദ്ദേഹം, ചികിത്സാച്ചെലവുകൾ പൂർണ്ണമായും പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് വഹിക്കുന്നതെന്നും സ്ഥിരീകരിച്ചു.





