കൊച്ചി: സിബിഎസ്ഇ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുകെജി വിദ്യാർത്ഥികളുടെ ആംഗ്യപ്പാട്ട് മത്സരത്തിൽ ഒരു പ്രത്യേക മതവിഭാഗത്തെ അവഹേളിക്കുന്ന തരത്തിലുള്ള വരികൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. ആലുവ ക്രൈസ്തവ മഹിളാലയം സ്കൂളിൽ നടന്ന മത്സരത്തിൽ പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്കൂളിലെ കുട്ടികളാണ് വിദ്വേഷ പരാമർശങ്ങളടങ്ങിയ ഗാനം വേദിയിൽ അവതരിപ്പിച്ചത്.
ട്രെയിൻ ബോഗികളിലെത്തുന്ന മോഷ്ടാക്കളും റെയിൽവേ പാളത്തിൽ ബോംബ് വെയ്ക്കുന്ന ഭീകരരും അറബി വേഷവിധാനത്തിലാണ് എന്ന തരത്തിലുള്ള പരാമർശങ്ങളാണ് പാട്ടിലുണ്ടായിരുന്നത്. കുട്ടികൾ ഗാനം അവതരിപ്പിച്ചപ്പോൾ തന്നെ സദസ്സിലുണ്ടായിരുന്നവർ വരികളിലെ വിദ്വേഷ സ്വഭാവം ചൂണ്ടിക്കാട്ടി സംഘാടകരെ പ്രതിഷേധം അറിയിക്കുകയും സമ്മാനം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ സംഘാടകർ ഇടപെട്ട് ഈ ടീമിന് സമ്മാനം നൽകുന്നത് തടഞ്ഞു.
15 സിബിഎസ്ഇ സ്കൂളുകൾ മാറ്റുരച്ച മത്സരത്തിൽ സംഭവിച്ച പിഴവിൽ സ്കൂൾ തലത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. 2010 മുതൽ വിവിധ സ്കൂളുകൾ കലോത്സവങ്ങളിൽ ഇതേ ആംഗ്യപ്പാട്ട് പാടിവരുന്നുണ്ടെന്നും കഴിഞ്ഞ വർഷം ഈ പാട്ടിന് ഒന്നാം സമ്മാനം ലഭിച്ചതിനാലാണ് ഇത്തവണയും തിരഞ്ഞെടുത്തതെന്നും അല്ലപ്ര സെന്റ് മേരീസ് സ്കൂൾ മാനേജർ ടി.ജെ. എൽദോസ് പ്രതികരിച്ചു. പാട്ടിലെ വിദ്വേഷപരമായ വരികൾ ശ്രദ്ധിക്കാൻ വിട്ടുപോയതാണെന്നും രചയിതാവ് ആരാണെന്ന് വ്യക്തമല്ലെന്നും വ്യക്തമാക്കിയ മാനേജർ, പിഴവിൽ ക്ഷമാപണം നടത്താനും അന്വേഷണം നടത്താനും സന്നദ്ധമാണെന്നും കൂട്ടിച്ചേർത്തു.





