പത്തനംതിട്ട:വിവാദമായ ജിഎൻഎ (GNA) വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ആവശ്യത്തിന് വൈദ്യുതി സ്റ്റോക്കുണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് കരാറുണ്ടാക്കിയതെന്നും, വകുപ്പ് മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അധികാരത്തിലേറി ആറുമാസത്തിനകം തന്നെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സർക്കാരാണിതെന്ന് തെളിഞ്ഞതായി പി. ജയരാജൻ കുറ്റപ്പെടുത്തി. തീരുമാനങ്ങളൊന്നും താൻ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തതെന്നും വൈദ്യുതി മന്ത്രി തന്നെ തുറന്നുപറയുന്ന സാഹചര്യം ജനങ്ങൾക്കിടയിൽ പരിഹാസ്യമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് ഭരണത്തിലേറിയതോടെയാണ് സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതെന്നും ജയരാജൻ പറഞ്ഞു. മുന്നണി ഭരണത്തിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ പോലും മുഖ്യമന്ത്രി വി.ഡി. സതീശൻ പാലിക്കുന്നില്ലെന്ന് മറ്റ് ഘടകകക്ഷികളിലെ മന്ത്രിമാർ തന്നെ പരസ്യമായി പറഞ്ഞുതുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





