തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധയെ സിപിഐഎം അവഗണിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയ് വ്യക്തമാക്കി. രാധയുടെ ചികിത്സാച്ചെലവുകൾ പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് വഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
എട്ടോ ഒൻപതോ ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിലെത്തി താൻ രാധയെ സന്ദർശിച്ചിരുന്നതായി വി. ജോയ് പറഞ്ഞു. ആ സമയത്ത് ഐസിയുവിൽ ആയിരുന്നതിനാൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടായിരുന്നുവെന്നും സിടി സ്കാനിങ്ങിനായി പുറത്തിറക്കിയപ്പോഴാണ് അവരെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശിക്കുന്ന വേളയിൽ രാധയുടെ ആരോഗ്യനില തൃപ്തികരമല്ലായിരുന്നുവെന്നും ഭർത്താവ് ഗുപ്തൻ ഒപ്പമുണ്ടായിരുന്നുവെന്നും വി. ജോയ് കൂട്ടിച്ചേർത്തു.





