കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യർ എംഎൽഎയായത് വലിയൊരു ദുരന്തമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ജനങ്ങളെ ഒന്നിച്ച് കാണാൻ സാധിക്കാത്ത വ്യക്തിയാണ് സന്ദീപ് വാര്യരെന്നും, ഇ.കെ. നായനാർ പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് ഇപ്പോൾ അദ്ദേഹം ഇരിക്കുന്നതെന്ന വസ്തുത തൃക്കരിപ്പൂരിലെ ജനങ്ങൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ തിമിരി മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് സഞ്ജീവ് ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദീപ് വാര്യർ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രദേശവാസികളെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും അവിടുത്തെ മണ്ണിൽ വലിയൊരു രാഷ്ട്രീയ ദുരന്തമാണ് സംഭവിച്ചതെന്ന് സഞ്ജീവ് ചൂണ്ടിക്കാട്ടി. ഒരു ആന ചരിഞ്ഞ സംഭവം പോലും വർഗീയ നേട്ടത്തിനായി ദുഷ്ടലാക്കോടെ ഉപയോഗിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും, മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയുടെ പ്രവൃത്തിയെ നിസ്സാരവൽക്കരിച്ച് സംസാരിച്ചയാളാണ് ഇന്നത്തെ എംഎൽഎയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയപരമായ ഭിന്നതകൾ സ്വാഭാവികമാണെങ്കിലും നാടിന്റെ പരമ്പരാഗത രാഷ്ട്രീയ മൂല്യങ്ങളെ ആരും ബലികൊടുക്കരുതെന്നും തൃക്കരിപ്പൂരിന്റെ രാഷ്ട്രീയ പാരമ്പര്യം വോട്ടർമാർ തിരിച്ചറിയണമെന്നും സഞ്ജീവ് ഓർമ്മിപ്പിച്ചു.





