കൊച്ചി: റോഡപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ പനങ്ങാട് സ്വദേശി സി.ആർ. സോനുവിന് (32) 2.07 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ഉത്തരവിട്ടു. ഇൻഷുറൻസ് കമ്പനി രണ്ട് മാസത്തിനുള്ളിൽ തുക കൈമാറണമെന്നാണ് ട്രൈബ്യൂണലിന്റെ നിർദേശം.
ചേർത്തല കെവിഎം ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന സോനുവിന് 2021 ഡിസംബർ 26-ന് പുലർച്ചെ 6.30-നാണ് വാഹനാപകടം സംഭവിച്ചത്. ഡ്യൂട്ടിക്ക് കയറാൻ ആശുപത്രിക്ക് മുൻവശം റോഡ് മുറിച്ചുകടക്കാൻ നിൽക്കവെ അമിതവേഗതയിൽ എത്തിയ കാർ സോനുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഇവർ ദീർഘനാൾ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നിലവിൽ മറ്റൊരാളുടെ സഹായമില്ലാതെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ പൂർണമായും കിടപ്പിലായ അവസ്ഥയിലാണ് യുവതി.





