കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും നിയന്ത്രിക്കുന്നതിനായി ബസ് സമയക്രമം ശാസ്ത്രീയമായി ഉടൻ പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ആർടിഒമാർ വിശദമായി പരിശോധിച്ച് പുതിയ ടൈമിംഗ് നിശ്ചയിക്കും. ഇതിന്റെ ഭാഗമായി ഈ മാസം 15 മുതൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ 'റോഡ് സേഫ്റ്റി മിഷൻ' നടപ്പിലാക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി.
എറണാകുളം നഗരപരിധിയിൽ നിലവിൽ അനുവദിച്ചിട്ടുള്ള ഒരു കിലോമീറ്ററിന് രണ്ടര മിനിറ്റ് എന്ന സമയം അപര്യാപ്തമാണെന്നും, ഇത് അടക്കമുള്ള കാര്യങ്ങൾ ആർടിഒ തലത്തിൽ പരിശോധിച്ച് ഉടൻ മാറ്റം വരുത്തുമെന്നും മന്ത്രി അറിയിച്ചു. ചേരാനല്ലൂർ അപകടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾക്ക് പുറമെ മറ്റ് വാഹനങ്ങളും മത്സരയോട്ടം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ ഡ്രൈവർമാരെയും ക്യുആർ കോഡ് സ്മാർട്ട് ഐഡി സംവിധാനത്തിന് കീഴിലാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഇൻഫോപാർക്കിന് സമീപം സ്വകാര്യ ബസിടിച്ച് മരിച്ച അക്ഷര എന്ന യുവതിയുടെ അപകടമരണത്തിന് പിന്നാലെ കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. സ്വന്തം മകൾക്ക് സംഭവിച്ച ദുരന്തം മറ്റാർക്കും ഉണ്ടാകരുതെന്ന് അക്ഷരയുടെ പിതാവ് ഓമനക്കുട്ടൻ പ്രതികരിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റോഡിലെ മരണപ്പാച്ചിലിനെതിരെ ഗതാഗത വകുപ്പ് അടിയന്തര നടപടികളിലേക്ക് കടന്നത്.





