മലപ്പുറം: മുസ്‌ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം നേടിയത് മതവികാരം മുതലെടുത്താണെന്ന സിപിഐഎം നേതാവ് കെ.ടി. ജലീലിന്റെ വാദത്തിനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി.
മുമ്പ് പാർട്ടിയിലുണ്ടായിരുന്ന സമയത്ത് കാണാത്ത എന്ത് മതവർഗ്ഗീയതയാണ് മുസ്‌ലിം ലീഗ് വിട്ട് മറുകണ്ടം ചാടിയപ്പോൾ ജലീലിന് കാണാൻ കഴിഞ്ഞതെന്ന് സ്മിജി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദ്യം ചെയ്തു.
ഫേസ്ബുക്ക് കുറിപ്പ് :
കെ.ടി. ജലീൽ താങ്കൾ ഫേസ്ബുക്കിൽ കുറിച്ച വരികൾ വായിച്ചപ്പോൾ മറുപടി പറയാതിരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. മുസ്ലിം ലീഗിൻ്റെ മതേതരത്വത്തെ ചോദ്യം ചെയ്യാനും, ലീഗ് ഇതര മതസ്ഥരെ പരിഗണിക്കാറില്ലെന്ന് വരുത്തിത്തീർക്കാനും ചെകുത്താൻ വേദമോതുന്നെന്ന ഉപമ വരെ താങ്കൾ തരംതാഴ്ന്ന് പ്രയോഗിച്ചിരിക്കുന്നു. താങ്കളോട് ചില പച്ചയായ സത്യങ്ങൾ മുഖത്തുനോക്കി ഓർമ്മിപ്പിക്കേണ്ടതുണ്ട്.
എൻ്റെ അച്ഛൻ എ.പി. ഉണ്ണികൃഷ്ണന്റെ അടുത്ത സുഹൃത്തായിരുന്നു താങ്കൾ; എൻ്റെ വീട്ടിൽ വന്നിട്ടുണ്ട്, ഒപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്ന് താങ്കൾ നിന്നത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലായിരുന്നു. അന്ന് കാണാത്ത എന്ത് മതവർഗീയതയാണ് പാർട്ടി വിട്ട് മറുകണ്ടം ചാടിയപ്പോൾ താങ്കൾക്ക് ലീഗിൽ കാണാൻ കഴിഞ്ഞത്? അധികാരം മാറിയപ്പോൾ കണ്ണടഞ്ഞുപോയതോ, അതോ സി.പി.എമ്മിൻ്റെ പടിവാതിൽക്കൽ കിടക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത പുതിയ രാഷ്ട്രീയ അജണ്ടയോ ഇത്?
മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം എല്ലാ മതങ്ങളെയും ഒരേ മനസ്സോടെ കാണാനാണ് പഠിപ്പിച്ചത്. പാണക്കാട് തറവാട്ടു മുറ്റത്ത് സങ്കടം പറയാൻ ക്യൂ നിൽക്കുന്നത് മുസ്ലിങ്ങൾ മാത്രമല്ല; ഹിന്ദുവും ക്രിസ്ത്യാനിയും പാണനും പറയനും പുലയനുമടക്കം സകല മനുഷ്യരുമുണ്ട്. ജാതിയും മതവും ചോദിച്ചല്ല, കണ്ണീരിന്റെ നനവ് നോക്കിയാണ് പാണക്കാട്ടെ തങ്ങൾമാർ ആ മനുഷ്യരെയെല്ലാം നെഞ്ചോട് ചേർത്തത്. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ആ വലിയ പാരമ്പര്യത്തെയാണ് സ്വന്തം രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി താങ്കൾ ചെകുത്താനോട് ഉപമിക്കുന്നത്.
സംവരണമില്ലാത്ത പഞ്ചായത്ത് പ്രസിഡന്റോ മുൻസിപ്പൽ ചെയർമാനോ ലീഗിനില്ല എന്ന് കള്ളം പറയാൻ താങ്കൾക്ക് എങ്ങനെ നാവ് പൊങ്ങുന്നു? മലപ്പുറം ജില്ലയിലെ ലീഗിന്റെയും യു.ഡി.എഫിന്റെയും എത്രയോ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ഹിന്ദുക്കളും ക്രൈസ്തവരുമായ ജനപ്രതിനിധികൾ ഭരണനേതൃത്വത്തിൽ ഇരുന്നിട്ടുണ്ട്. കെ.പി. രാമൻ മാസ്റ്ററും എ.പി. ഉണ്ണികൃഷ്ണനും യു.സി. രാമനും ജയന്തി രാജനുമെല്ലാം ലീഗിന്റെ പച്ചക്കൊടിയേന്തി ഉയർന്നുവന്ന ജനനായകന്മാരാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML) സ്ഥാനാർത്ഥിയായിവരെ പാർട്ടി ഉയർത്തിക്കാട്ടിയ ജയന്തി രാജനെപ്പോലെയുള്ളവരെ താങ്കൾ സൗകര്യപൂർവ്വം മറന്നുകളയുകയാണോ? അവർക്ക് നൽകിയ അംഗീകാരം എന്ത് മറുപടിയാണ് താങ്കളുടെ ഈ വ്യാജ ആരോപണങ്ങൾക്ക് നൽകുന്നത്? പാർലമെന്റിലും നിയമസഭയിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി വരുന്ന ഹിന്ദുക്കളെയും ക്രൈസ്തവരെയും സ്വന്തം നെഞ്ചിലേറ്റുന്നവരാണ് ലീഗിന്റെ സാധാരണ അണികൾ. ആൻ്റണിയെയും ജോയിയെയും ആര്യാടനെയും മാത്രമല്ല, മലപ്പുറത്തിന്റെ മണ്ണിൽ യു.ഡി.എഫ് നിർത്തുന്ന ഏതൊരു സ്ഥാനാർത്ഥിയെയും മതത്തിന്റെ വേർതിരിവില്ലാതെ സ്വന്തം സ്ഥാനാർത്ഥിയായി കണ്ട് വോട്ടുചെയ്ത് ജയിപ്പിക്കുന്നത് ഈ മലപ്പുറത്തെ ലീഗുകാരാണ്.
'മുസ്ലിം ലീഗ്' എന്ന് കേൾക്കുമ്പോൾ ചിലർക്ക് ഉറക്കം നഷ്ടപ്പെടും, കുരുപൊട്ടും; അത് സ്വാഭാവികമാണ്. രാഷ്ട്രീയമായി ലീഗിനെ നേരിടാൻ ശേഷിയില്ലാതെ വരുമ്പോൾ പച്ചക്കള്ളങ്ങളും മതവിദ്വേഷവും കുത്തിവെച്ച് മലപ്പുറത്തെയും ലീഗിനെയും അപരവൽക്കരിക്കുക എന്നത് താങ്കളുടെ ഇപ്പോഴത്തെ പാർട്ടിയുടെ സ്ഥിരം ശൈലിയാണ്. മലപ്പുറത്തിന്റെ മണ്ണിൽ ജീവിച്ച്, ഇവിടുത്തെ സൗഹാർദ്ദത്തിന്റെ തണൽപറ്റി വളർന്ന്, ഒടുവിൽ അതേ മണ്ണിനെ വർഗീയതയുടെ പേരിൽ ഒറ്റുകൊടുക്കാൻ താങ്കൾ തന്നെ മുന്നിൽ നിൽക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പട്ടികയും ലീഗിന്റെ ജനപ്രതിനിധികളുടെ ലിസ്റ്റും ഒന്ന് കണ്ണുതുറന്നു നോക്കണം. അന്ധമായ വിദ്വേഷം കൊണ്ട് സത്യം മൂടിവെക്കാൻ നോക്കരുത്. ലീഗിനെ തകർക്കാൻ വർഗീയതയുടെ കാർഡിറക്കുന്ന ഇത്തരം നെറികെട്ട ശ്രമങ്ങൾ തിരിച്ചറിയാതിരിക്കക്കാൻ കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ല……..





