Malayali Media
Kerala

എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി-ബിനാമി ആരോപണങ്ങൾ; കമ്മീഷണർ സ്ഥാനമൊഴിയും മുൻപ് ശ്രീറാം സാംബശിവ റാവുവിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്

07 Nov 20261 views 3 min read
എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി-ബിനാമി ആരോപണങ്ങൾ; കമ്മീഷണർ സ്ഥാനമൊഴിയും മുൻപ് ശ്രീറാം സാംബശിവ റാവുവിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്
Advertisement

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായും ഗുരുതര ക്രമക്കേടുകൾ നടത്തുന്നതായും ചൂണ്ടിക്കാട്ടി മുൻ എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ജോയിന്റ് എക്‌സൈസ് കമ്മീഷണർ (ജെഇസി) വിനോദ്, ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) അജയ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇവരെ ഫീൽഡ് ചുമതലകളിൽനിന്ന് നീക്കി എപിസി, ഇസിആർബി അല്ലെങ്കിൽ ടോഡി ബോർഡ് തുടങ്ങിയ ഓഫീസുകളിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വിനോദ് ആലപ്പുഴ ഡിസിയായിരുന്ന കാലം മുതൽ മൂവാറ്റുപുഴയിലെ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ലൈസൻ വർക്ക് ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ബാർ പ്രവർത്തന സമയം, ലൈസൻസ് പുതുക്കൽ എന്നിവയ്ക്കായി ഈ ബാറിൽനിന്ന് 50,000 രൂപയും, ആലപ്പുഴയിൽ പരിശോധനയ്ക്ക് എത്തുമ്പോൾ 30,000 രൂപ നൽകണമെന്ന് സുഹൃത്ത് വഴി ആവശ്യപ്പെട്ടതായും വിവരമുണ്ട്. ആലത്തൂർ റേഞ്ചിലെ അണക്കാപ്പാറ കള്ള് ഷാപ്പിൽനിന്ന് സ്പിരിറ്റും വ്യാജക്കള്ളും പിടികൂടിയ മുൻ കേസിലെ വിജിലൻസ് അന്വേഷണത്തിൽ കൂടുതൽ പണം വാങ്ങിയതായി കണ്ടെത്തിയിട്ടും സ്വാധീനം ഉപയോഗിച്ച് വിനോദ് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ആലപ്പുഴ ഡിസി അജയിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. കായംകുളം കുറ്റിച്ചിറയിലെ റോമാ സെന്റർ ബാറിൽ പരിശോധനയ്ക്ക് പോയപ്പോൾ 30,000 രൂപയും, ഓണത്തിന് ശേഷം ലൈസൻസ് പുതുക്കാൻ 20,000 രൂപയും അജയ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. എക്‌സൈസ് മന്ത്രിയുമായി അടുത്ത സൗഹൃദമുള്ള ആളാണ് ബാർ ഉടമ രതീഷെന്നും, മന്ത്രി നേരിട്ട് ചോദിച്ചാൽ മാത്രമേ ഇയാൾ സത്യാവസ്ഥ വെളിപ്പെടുത്തൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി ഒരു ലൈസൻസിൽ രണ്ട് കെട്ടിടങ്ങൾക്ക് കള്ള് ഷാപ്പ് അനുവദിച്ചതായും കോട്ടയം ഡിസിയായിരിക്കെ പോർട്ടൽ വഴി വന്ന പരാതികളിൽ അജയ് അന്വേഷണം നടത്തിയില്ലെന്നും സാംബശിവ റാവു ചൂണ്ടിക്കാട്ടുന്നു. കോ-ബ്രദറെ മുൻനിർത്തി വിലയ്ക്കും ലീസിനുമായി രണ്ടുമൂന്ന് ബാറുകൾ നടത്തുകയും പെർമിറ്റ് കള്ള് വിൽക്കുകയും ഒട്ടേറെ ബിനാമി സ്വത്തുക്കൾ സമ്പാദിക്കുകയും ചെയ്തതായും ആരോപണമുണ്ട്.

ഏജന്റുമാരെയും പ്രത്യേക മാർഗ്ഗങ്ങളെയും ഉപയോഗിച്ചാണ് ഇരുവരും പണം കൈപ്പറ്റുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലാഭത്തിന്റെ പത്ത് ശതമാനം വരെ കൈക്കൂലിയായി നൽകുന്നതിനാൽ ബാറുടമകൾ ഉദ്യോഗസ്ഥരെ ഒറ്റിക്കൊടുക്കാറില്ലെന്നും, ബാറുകളിലെ കണക്കുകളിൽ 'സന്തോഷം' എന്ന പേരിൽ രേഖപ്പെടുത്തിയിരുന്ന ഇത്തരം പണമിടപാടുകൾ വിജിലൻസ് കണ്ടെത്തിയ ശേഷമാണ് അവസാനിപ്പിച്ചതെന്നും മുൻ കമ്മീഷണറുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

Tags:#എക്സൈസ് കൈക്കൂലി റിപ്പോർട്ട്#ശ്രീറാം സാംബശിവ റാവു#ജെഇസി വിനോദ്#ഡിസി അജയ്#ബാർ കോഴ ആരോപണം#എക്സൈസ് അഴിമതി വിജിലൻസ് അന്വേഷണം#റോമാ സെന്റർ ബാർ കായംകുളം#ഗംഗാ ബാർ മൂവാറ്റുപുഴ#Kerala Excise Department Corruption#Sreeram Sambasiva Rao Report#Excise Bribery News#Bar Licence Scam Kerala#Kerala News Malayalam
Advertisement

Comments

Add a Comment

Our Channels