കോട്ടയം: കേരളത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ കായംകുളം താപവൈദ്യുതി നിലയത്തിന്റെ വിപുലീകരണ രൂപരേഖ തയ്യാറാക്കി ഒരു മാസത്തിനകം സമർപ്പിക്കാൻ പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നിർദ്ദേശം നൽകിയതായി പിഎസി ചെയർമാൻ കെ.സി. വേണുഗോപാൽ. നിർദ്ദിഷ്ട പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ എൻടിപിസിക്ക് നൽകിയ ഭൂമി തിരിച്ചുപിടിച്ച് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കണമെന്നാണ് സമിതിയുടെ നിലപാടെന്നും കുമരകത്ത് ചേർന്ന പിഎസി യോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു.
സംസ്ഥാന സർക്കാർ എൻടിപിസിക്ക് കൈമാറിയ 300 ഏക്കറോളം വരുന്ന ഭൂമിയിൽ നിലവിൽ വൈദ്യുതി ഉത്പാദനം നടക്കുന്നില്ലെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. യാതൊരു പ്രയോജനവുമില്ലാതെ പ്രതിവർഷം 100 കോടി രൂപ വീതം കേരളം എൻടിപിസിക്ക് നൽകേണ്ടിവരുന്ന സാഹചര്യം തുടരാൻ അനുവദിക്കില്ലെന്നും, അവിടെ ഉത്പാദിപ്പിച്ചാൽ തന്നെ വൻ ചെലവ് കാരണം സംസ്ഥാനത്തിന് വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജം രാത്രിയിലെ പീക്ക് സമയങ്ങളിൽ ലഭ്യമാക്കാൻ ബാറ്ററി സ്റ്റോറേജ് സൗകര്യമില്ലാത്തതിനാൽ കായംകുളത്ത് പമ്പിങ് സ്റ്റോറേജ് ഏർപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്. കേന്ദ്ര ഊർജ്ജ സെക്രട്ടറി, എൻടിപിസി സിഎംഡി, കേരള ഊർജ്ജ സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ ഊർജ്ജ ആവശ്യവും ഉത്പാദനവും തമ്മിലുള്ള പൊരുത്തക്കേടുകളും സംസ്ഥാനങ്ങളിലെ പ്രതിസന്ധികളും വിശദമായി ചർച്ച ചെയ്തു.





