തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ സംസ്ഥാന സർക്കാർ തികച്ചും ജനാധിപത്യവിരുദ്ധവും നിഷേധാത്മകവുമായ രീതിയിലാണ് നേരിടുന്നതെന്ന് എ.എ. റഹീം എംപി. ഉദ്യോഗാർത്ഥികൾക്ക് തലമുണ്ഡനവും ഉദ്യോഗസ്ഥർക്ക് നാടുകടത്തലുമാണ് വി.ഡി. സതീശൻ സർക്കാരിന്റെ ഭരണരീതിയെന്ന് ആരോപിച്ച അദ്ദേഹം, സമരവേദിയിലെത്തി ഉദ്യോഗാർത്ഥികൾക്ക് ഡിവൈഎഫ്ഐയുടെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഉദ്യോഗാർത്ഥികളുടെ സമരം 125 ദിവസവും സമരസമിതി നേതാവ് വളർമതിയുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 12 ദിവസവും പിന്നിട്ടു. പൂർണ്ണ നിരാഹാരത്തിൽ കഴിയുന്ന വളർമതിയുടെ ആരോഗ്യനില അതീവ ആശങ്കാജനകമാണെന്നും, സർക്കാർ പിടിവാശിയും നിഷേധനിലപാടും ഉപേക്ഷിച്ച് അവരുടെ ജീവൻ രക്ഷിക്കാൻ തയ്യാറാകണമെന്നും റഹീം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം കേസുകൾ ചുമത്തി പിന്തിരിപ്പിക്കാൻ നോക്കുന്നത് ഫലം കാണില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശാരീരിക അവശതകൾക്കിടയിലും മാനസിക കരുത്തിലാണ് താൻ തുടരുന്നതെന്നും ഒരു രക്തസാക്ഷിയുണ്ടായാൽ മാത്രമേ സർക്കാരിന്റെ കണ്ണ് തുറക്കൂവെങ്കിൽ അതിനും ഒരുക്കമാണെന്നാണ് വളർമതി വ്യക്തമാക്കിയതെന്നും എംപി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വാക്ക് നൽകി ഭരണത്തിലേറിയവർ നിലപാട് വ്യക്തമാക്കണമെന്നും, ഉദ്യോഗാർത്ഥികളുടെ ജീവൻവെച്ച് കളിച്ചാൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





