കൊച്ചി: കാക്കനാട് സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരിയായ യുവതി മരിച്ച ദാരുണ സംഭവത്തിൽ ബസ് ഡ്രൈവർ സി.കെ. ബിനോയിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും. രണ്ട് ലഹരി കേസുകൾ ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനോയിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കാൻ സാമ്പിളുകൾ അയച്ചതായി എസിപി അറിയിച്ചു.
ജിമ്മിൽ പോയി മടങ്ങുകയായിരുന്ന തൃശ്ശൂർ സ്വദേശിനി അക്ഷര (29) ഇന്നലെ വീതികുറഞ്ഞ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുതെറിപ്പിച്ചത്. ഡ്രൈവറുടെ അശ്രദ്ധയും മരണപ്പാച്ചിലുമാണ് അപകടമുണ്ടാക്കിയതെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിനോയിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആർടിഒ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ഹൈക്കോടതി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ബസ് ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അപകടകരമായി വാഹനം ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ സമയബന്ധിതമായി നടപടിയെടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുമെന്ന് കൊച്ചി കോർപ്പറേഷന് കോടതി താക്കീതും നൽകി.





