കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരായി മാറിയിരിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി, അമിതവേഗത്തിലും അപകടകരമായും സർവീസ് നടത്തുന്ന ബസുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടിയെടുക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. കാക്കനാട് യുവതി അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഈ ഇടപെടൽ.
വീണ്ടും കാണാൻ ഭയപ്പെടുത്തുന്ന അത്രയും തീവ്രതയുള്ള ദൃശ്യങ്ങളാണിതെന്നും റോഡരികിലൂടെ നടക്കുന്നവരെപ്പോലും വകവെക്കാതെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന ഡ്രൈവർമാർ വാഹനം ഓടിക്കാൻ അർഹരല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണം. ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത ഭരണകൂടം മരിച്ച യുവതിയുടെ കുടുംബത്തോട് മാപ്പപേക്ഷിക്കാൻ പോലും തയ്യാറായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റോഡുകളിൽ ഫുട്പാത്ത് ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നും അടിയന്തരമായി ഫുട്പാത്തുകൾ നിർമ്മിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഫുട്പാത്ത് നിർമ്മാണത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുമെന്ന് കൊച്ചി കോർപ്പറേഷന് അന്ത്യശാസനവും നൽകിയിട്ടുണ്ട്.
സമയക്രമം പാലിക്കാനാണ് വേഗത കൂട്ടുന്നതെന്ന വാദം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല. ബസുകളുടെ സമയക്രമം പോലീസിന്റെ ചുമതലയല്ലെന്നും മരണപ്പാച്ചിൽ തടയുകയാണ് പോലീസിന്റെ ജോലിയെന്നും കോടതി ഓർമ്മിപ്പിച്ചു. ജനസാന്ദ്രത കൂടിയ പഴയ കൊച്ചിയല്ല ഇപ്പോഴത്തേതെന്നും നിയമത്തെയോ പോലീസിനെയോ ഭയമില്ലാതെ ജീവന് ഭീഷണി ഉയർത്തുന്ന ഡ്രൈവിംഗ് രീതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.





