മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ നവീകരിക്കുന്നത് മോടിപിടിപ്പിക്കലല്ലെന്നും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അനിവാര്യമായ അറ്റകുറ്റപ്പണികളാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും സുരക്ഷാ ആവശ്യങ്ങൾക്കായി നിർദ്ദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും അന്ന് തുടർനടപടികളിലേക്ക് പോയിരുന്നില്ലെന്നും, വർഷങ്ങൾ പഴക്കമുള്ള സർക്കാർ മന്ദിരങ്ങളിലെ ഇത്തരം ആവശ്യങ്ങൾ പരിശോധിച്ചു പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്റോൺമെന്റ് ഹൗസിന്റെ ശോചനീയാവസ്ഥ മൂലം താനിപ്പോഴും വാടകവീട്ടിലാണ് തുടരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം താമസം മാറാമെന്ന പ്രതീക്ഷയിലാണ് വാടക വീട്ടിലേക്ക് പോയതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ കന്റോൺമെന്റ് ഹൗസിൽ താമസിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ കഴിഞ്ഞിരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്റോൺമെന്റ് ഹൗസിലെ തീപിടിത്തത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. താൻ അവിടേക്ക് താമസം മാറിയ ശേഷമാണ് തീപിടിത്തം ഉണ്ടായിരുന്നതെങ്കിൽ വലിയ ആക്ഷേപങ്ങൾ ഉയരുമായിരുന്നെന്നും, മാറുന്നതിന് മുൻപായതിനാൽ ഒന്നും പറയാനില്ലെന്നും പിണറായി വിജയൻ തമാശരൂപേണ പറഞ്ഞു. മന്ത്രിമാർ താമസിക്കുന്നതുൾപ്പെടെയുള്ള ഭൂരിഭാഗം പഴയ കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾ നടത്താതെ പരിതാപകരമായ അവസ്ഥയിലാണെന്നും ആവശ്യാനുസരണം ഇവയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





