കൊച്ചി: ഡിജിറ്റൽ ഇടങ്ങളിലെ ഇടപെടലുകളിൽ പാലിക്കേണ്ട മാന്യതയെക്കുറിച്ച് പ്രവർത്തകർക്ക് നിർദ്ദേശവുമായി ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ സംയമനം പാലിക്കണമെന്നും ആശയപരമായ സംവാദശേഷി വളർത്തിയെടുക്കണമെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. മാധ്യമം ദിനപത്രത്തിലെ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് പോസ്റ്റുകളിടുന്നവർക്കെതിരെ ഓൺലൈനിൽ കടുത്ത സൈബർ ആക്രമണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ.
നേർക്കുനേർ കാണുമ്പോൾ കാണിക്കുന്ന മര്യാദകൾ പലപ്പോഴും ഓൺലൈൻ ലോകത്ത് എത്തുമ്പോൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്ലീല പദപ്രയോഗങ്ങൾ, വ്യക്തിഹത്യ, മോശം ട്രോളുകൾ, പരിഹാസങ്ങൾ, ദ്വയാർത്ഥ പ്രയോഗങ്ങൾ എന്നിവ യോജിക്കുന്നവരോടോ വിയോജിക്കുന്നവരോടോ ഒരു വിശ്വാസി പ്രയോഗിക്കാൻ പാടില്ല. തിന്മയെ ഏറ്റവും വലിയ നന്മകൊണ്ട് പ്രതിരോധിക്കണമെന്നും ശത്രുക്കളെ സൃഷ്ടിക്കാനല്ല, മറിച്ച് ശത്രുക്കളോട് പോലും ആരോഗ്യകരമായ സംവാദം സാധ്യമാകുന്ന സാഹചര്യം ഒരുക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇസ്‌ലാംവിരുദ്ധ പൊതുബോധം നിർമ്മിക്കാൻ ചിലർ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന കാലഘട്ടമാണിതെന്നും, ഇതിനെ പ്രതിരോധിക്കാൻ മതത്തിന്റെ മാനവികതയും ജീവിതമൂല്യങ്ങളും പ്രചരിപ്പിക്കാൻ അതേ മാധ്യമത്തെ വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായമുള്ളവരോടും ഇതര മതസ്ഥരോടും മുസ്‌ലിം സമുദായത്തിലെ മറ്റു സംഘടനകളോടും ഇടപെടുമ്പോൾ സംഭാഷണ ശൈലി മാന്യമായിരിക്കണം. കടുത്ത ശത്രുവിനോട് പോലും അനീതി കാണിക്കരുതെന്ന ഖുർആൻ അധ്യാപനം ഓർമ്മിപ്പിച്ച അദ്ദേഹം, വിയോജിപ്പുകളുടെ രീതിശാസ്ത്രം എപ്പോഴും അന്തസ്സുള്ളതായിരിക്കണമെന്നും കൂട്ടിച്ചേർത്തു.





