തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയിലൂടെ പ്രവേശനം നേടി നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി പുറത്തുപോകേണ്ടിവരുന്ന 75 ശതമാനം അഗ്നിവീറുകൾക്ക് സേനയിൽ തുടരാൻ ഒരവസരം കൂടി നൽകുമെന്ന് എയർ വൈസ് മാർഷൽ മാലൂക് സിങ്. ഇവർക്ക് രണ്ട് വർഷം കൂടി അഗ്നിവീറായി സേവനം അനുഷ്ഠിക്കാമെന്നും, ആ അധിക കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഇവരെ സായുധ സേനയുടെ സ്ഥിരം ഭാഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷം തികയുമ്പോൾ സർവീസിൽ തുടരണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇവർക്കുണ്ടാകും.
അധികമായി നൽകുന്ന രണ്ട് വർഷം പൂർത്തിയാക്കുന്ന താല്പര്യമുള്ള മുഴുവൻ പേരെയും സേനയിൽ ഉൾപ്പെടുത്തുമെന്ന് എൻ.എസ്. രാജ സുബ്രമണിയും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ബാച്ച് അഗ്നിവീറുകൾ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് ഈ നിർണായക മാറ്റം. തുടക്കത്തിൽ 25 ശതമാനം പേരെ മാത്രം സ്ഥിരപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 2022 ജൂൺ 14-ന് അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി കാലാകാലങ്ങളിൽ അവലോകനം ചെയ്യുമെന്നും പ്രകടനം വിലയിരുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
അഗ്നിവീറുകളുടെ ശമ്പള ഘടനയെക്കുറിച്ചും എയർ വൈസ് മാർഷൽ വിശദീകരിച്ചു. ആദ്യ വർഷം 30,000 രൂപ ലഭിക്കുന്ന ഇവർക്ക് തുടർന്നുള്ള വർഷങ്ങളിൽ ശമ്പളത്തിൽ ഗണ്യമായ വർധനവുണ്ടാകും. നാല് വർഷത്തെ സേവനത്തിന് ശേഷം സേനയിൽ നിന്ന് വിരമിക്കുന്നവർക്ക് 11 ലക്ഷം രൂപ സാമ്പത്തിക ആനുകൂല്യമായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





