കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ അരങ്ങേറുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്നും ഉദ്യോഗസ്ഥവൃന്ദത്തിന്റെ അമിതാധികാര പ്രയോഗത്തിന് സർക്കാർ കർശനമായി കടിഞ്ഞാണിടണമെന്നും സമസ്ത എ.പി. വിഭാഗം മുഖപത്രമായ 'സിറാജ്'. സർക്കാരിനെയും വകുപ്പ് മന്ത്രിയെയും അറിയിക്കാതെ എക്സൈസ് വകുപ്പിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗത്തിലെ വിമർശനം. മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പഴുതുകൾ ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം നീക്കങ്ങൾ വിരൽചൂണ്ടുന്നത് വൻ അഴിമതിയിലേക്കാണെന്നും പത്രം ആരോപിക്കുന്നു.
സാമൂഹിക-സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കുന്ന മദ്യനയത്തിലും ബാർ ലൈസൻസിലും കൃത്യമായ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് സിറാജ് ചൂണ്ടിക്കാട്ടുന്നു. വകുപ്പ് മേധാവിയായ എക്സൈസ് കമ്മീഷണറെപ്പോലും ഇരുട്ടിൽ നിർത്തിയാണ് കീഴുദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത്. ഈ അസ്വാഭാവിക നടപടികളെക്കുറിച്ചും പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വകുപ്പ് മന്ത്രിക്ക് തന്നെ വാർത്താസമ്മേളനം നടത്തി വിശദീകരിക്കേണ്ടി വന്നത് ബ്യൂറോക്രസിയുടെ തന്നിഷ്ടത്തിന് തെളിവാണെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ജനാധിപത്യ സംവിധാനത്തിൽ നയരൂപീകരണവും ഭരണപരമായ തീരുമാനങ്ങളും കൈക്കൊള്ളേണ്ടതെന്നും പദ്ധതികൾ നടപ്പാക്കേണ്ട നിർവഹണ ഉപാധി മാത്രമാണ് ഉദ്യോഗസ്ഥരെന്നും മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു. എന്നാൽ മന്ത്രിസഭയുടെയും സർക്കാരിന്റെയും തീരുമാനങ്ങളെ തള്ളിക്കളഞ്ഞ് ചില ഉദ്യോഗസ്ഥർ സ്വയം സർക്കാരായി ചമയുന്ന തലതിരിഞ്ഞ അവസ്ഥയാണ് നിലവിലുള്ളതെന്നും പത്രം കുറ്റപ്പെടുത്തി.





